പയ്യന്നൂർ: തിരിമുറിഞ്ഞൊഴുകേണ്ട തിരുവാതിര ഞാറ്റുവേലയിൽ ഇക്കുറി മഴയില്ല. വൈകിയെത്തിയ കാലവർഷം ഒരാഴ്ചത്തെ പെയ്ത്തിൽ അവസാനിച്ചു. ഇന്ന് കർഷക ദിനമെത്തുമ്പോൾ നെൽകർഷകന്റെയുള്ളിൽ സങ്കടമഴയാണ് പെയ്യുന്നത്. വെള്ളമില്ലാത്തതിനാൽ മിക്ക പാടശേഖരങ്ങളിലും ഞാറ് പറിച്ചുനടാൻ വൈകി. വൈകിയെത്തിയ മഴക്കു ശേഷം പറിച്ചുനട്ട നെൽച്ചെടികൾ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രണ്ടാംവിള വയലിനെ അപേക്ഷിച്ച് ഒരു വിളമാത്രമെടുക്കുന്ന ഉയർന്ന പ്രദേശത്തെ വയലുകളിലാണ് നാട്ടിപ്പണി കടുത്ത പ്രതിസന്ധിയിലായത്.വേനൽ മഴയില്ലാത്തതിനാൽ വൈകിയാണ് പല സ്ഥലങ്ങളിലും ഞാറിട്ടത്. ജൂൺ അവസാന വാരമെങ്കിലും പറിച്ചുനടാമെന്ന പ്രതീക്ഷയാണ് ഈ വർഷം തകർന്നത്.ഒരു വിളവയലുകൾ ഉണങ്ങി വരണ്ട നിലയിലാണ്. മഴയുടെ അഭാവം കാരണം സമീപത്തെ തോടുകളിൽ പോലും വെള്ളമെത്തിയില്ല. ഇതു മൂലം കെട്ടി കയറ്റാനും സാധിച്ചില്ലെന്ന് കർഷകർ പറയുന്നു. മുൻ കാലങ്ങളിൽ വിഷു കഴിഞ്ഞ ഉടനെ ലഭിക്കുന്ന വേനൽമഴയിൽ വിത്തിടുകയും ഇടവപ്പാതി തുടങ്ങിയ ഉടൻ പറിച്ചുനടുകയുമാണ് പതിവ്.
തിരുവാതിര ഞാറ്റുവേല തുടങ്ങുമ്പോഴേക്കും ചെടി മണ്ണിൽ ഉറച്ചിരിക്കും. ഈ ടൈംടേബിളാണ് താളം തെറ്റിയത്. വൈകി പെയ്യാൻ തുടങ്ങിയ മഴ നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിച്ചത്. അതും അസ്ഥാനത്തായി. പറിച്ചുനട്ട ഞാറ് വെള്ളമില്ലാതെ നശിക്കുകയാണ് മിക്കയിടങ്ങളിലും. 10 ദിവസമായി ജില്ലയിൽ ചാറ്റൽ മഴപോലുമില്ല. പലരും മോട്ടോർ ഉപയോഗിച്ച് നനക്കുകയാണ്. മഴയില്ലെന്നതിനു പുറമെ കടുത്ത വെയിൽ കൂടിയായതോടെ ഇതും അപ്രായോഗികമായി. വെയിലിൽ പമ്പുചെയ്ത വെള്ളം ചൂടാവുകയും കൃഷി പഴുത്തു പോവുകയും ചെയ്യുമെന്ന് പഴയ കാല കർഷകർ പറയുന്നു. സ്വാഭാവികമായ മഴയോ ജലാശയങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമോ ഉണ്ടെങ്കിൽ മാത്രമെ നെൽചെടികൾ നിലനിൽക്കൂ എന്നാണ് ഇവരുടെ അഭിപ്രായം.
മഴ വൈകിയാലും ശാസ്ത്രീയ കൃഷി രീതിയും പുതിയ നെൽവിത്തുകളും ഉപയോഗിക്കുന്നതിനാൽ തരക്കേടില്ലാത്ത വിളവാണ് മുൻവർഷങ്ങളിൽ ലഭിച്ചിരുന്നത്. ഒന്നാം വിളയിൽ ഹെക്ടറിന് 4000 കിലോ നെല്ലു വരെ ലഭിച്ചുവരുന്നു. എല്ലാ ജോലിക്കും യന്ത്രം ഉള്ള പക്ഷം ലാഭകരമാണ് കൃഷി. എന്നാൽ യന്ത്രമില്ലാത്ത വയലുകളിൽ വൻ നഷ്ടവുമാണ്. നഷ്ടം സഹിച്ചും കൃഷി ചെയ്യാൻ ഇറങ്ങിത്തിരിച്ചവർക്കാണ് കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായത്.
മഴയെ ആശ്രയിച്ചുള്ള കൃഷി ഇനി സാധ്യമല്ലെന്നാണ് കർഷകർ പറയുന്നത്. കൃത്രിമമായി വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കാത്ത പക്ഷം നെൽകൃഷി പൂർണമായും ഇല്ലാതാവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.കരനെൽ കൃഷിക്കുൾപ്പെടെ സർക്കാർ സബ്സിഡി നൽകുന്നുണ്ടെങ്കിലും കൃഷി നിലനിൽക്കണമെങ്കിൽ വെള്ളം അത്യാവശ്യമാണ്. അതുകൊണ്ട് ജലസേചന സൗകര്യം വിപുലപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.