തിരുവനന്തപുരം : ദിലീപിനെതിരായ കേസില്‍ നടന് ജാമ്യം ലഭിക്കാനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടെന്നും അതിനായി ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടെന്നുമുള്ള ആരോപണങ്ങളെ പൂര്‍ണമായും തള്ളി നെയ്യാറ്റിന്‍കര രൂപത. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി യാതൊരുവിധ സൗഹൃദമോ ബന്ധമോ തങ്ങള്‍ക്കില്ലെന്ന് രൂപത അറിയിച്ചു. ഒരുപാട്‌പേരെ കാണുന്ന കൂട്ടത്തില്‍ ബിഷപ്പ് ബാലചന്ദ്രകുമാറിനെ കണ്ടിരിക്കാമെങ്കിലും അതിലപ്പുറം യാതൊരു ബന്ധവും അദ്ദേഹവുമായി ബിഷപ്പിനില്ലെന്ന് നെയ്യാറ്റിന്‍കര രൂപത വക്താവ് ഫാദര്‍ ക്രിസ്തുദാസ് പറഞ്ഞു. ബാലചന്ദ്രകുമാറിന് ചിലപ്പോള്‍ ബിഷപ്പിനെ പരിചയമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ ഭാര്യ തിരുവനന്തപുരം രൂപതയില്‍ ഉള്ള ആളാണെന്നും രൂപത വിശദീകരിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പിന് പണം നല്‍കാന്‍ ആവശ്യപ്പെട്ട് ദിലീപിനെ സമീപിച്ചെന്ന ആരോപണത്തെ നടന്റെ ആരോപണത്തെത്തള്ളി ബാലചന്ദ്രകുമാറും രംഗത്തെത്തിയിരുന്നു. ഇതെല്ലാം ദിലീപ് നിവൃത്തിയില്ലാതെ വന്നപ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനായി ഉണ്ടാക്കിയ ന്യായമാണെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്നാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്സ്ആപ് ചാറ്റിന്റെ പകര്‍പ്പ് പ്രതിരോധമാക്കിയാണ് ദിലീപിന്റെ മൊഴി. വോയ്സ് ക്ലിപ്പുകളില്‍ കൃത്രിമം നടന്നുവെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടത്. ദിലീപ് ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന ആവശ്യം നിരസിച്ചതും ശത്രുതയ്ക്ക് കാരണമായെന്നും ദിലീപ് ആരോപിച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞ മൊഴികളില്‍ വൈരുധ്യമുള്ളതായാണ് റിപ്പോര്‍ട്ട്. മൊഴിയിലെ വൈരുധ്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജില്‍ നിന്ന് കൂടുതല്‍ മൊഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.