പ്രായം, രോഗങ്ങള്‍, ഭക്ഷണക്രമം, ഹോര്‍മോണുകള്‍, ശാരീരിക അധ്വാനം എന്നിങ്ങനെ പല ജീവിതശൈലി ഘടകങ്ങള്‍ മൂലം നമ്മുടെ ശരീരഭാരത്തില്‍ വ്യതിയാനങ്ങള്‍ വരാം. ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ ഭാരം കൂടാനും കുറയാനും സാധ്യതയുണ്ട്. വലിയ തോതിലുള്ള ഭാരവ്യത്യാസത്തിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. എന്നാല്‍ ചെറിയ കാലയളവില്‍ പെട്ടെന്നുണ്ടാകുന്ന ശരീരഭാര വര്‍ധന പല ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. അവ ഏതെല്ലാമാണെന്നു പരിശോധിക്കാം
1. ഹൈപോതൈറോയ്‌ഡിസം
തൈറോയ്‌ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കാത്ത സാഹചര്യമാണ് ഹൈപോതൈറോയ്‌ഡിസം. ഇത് ചയാപചയത്തെ മെല്ലെയാക്കി ശരീരത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കാം. കുറഞ്ഞ ചയാപചയ നിരക്ക് കാലറികള്‍ കത്തുന്നതിന്റെ വേഗവും കുറയ്‌ക്കും. ഹൈപോതൈറോയ്‌ഡിസം ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും കാരണമാകാം. ഇതെല്ലാം ഭാരവര്‍ധനവിലേക്ക് നയിക്കാം.
2. കരള്‍, വൃക്കരോഗങ്ങളും ഹൃദ്രോഗവും
കരള്‍ രോഗം, വൃക്ക രോഗം, ഹൃദ്രോഗം എന്നിവയും ശരീരത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കാം. ഇതും പെട്ടെന്നുള്ള ശരീരഭാര വര്‍ധനയ്‌ക്ക് കാരണമാകും.
3. കുഷിങ്‌സ് സിന്‍ഡ്രോം
ചയാപചയത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ അമിതമായ തോതില്‍ ശരീരം ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് കുഷിങ്‌സ് സിന്‍ഡ്രോം. ഈ രോഗം മുഖത്തും പുറത്തും അടിവയറിലുമെല്ലാം ഭാരവര്‍ധനയ്‌ക്ക് കാരണമാകാറുണ്ട്.
4. പോളിസിസ്‌റ്റിക് ഓവറി സിന്‍ഡ്രോം
സ്‌ത്രീകളില്‍ ഭാരവര്‍ധനവിന് കാരണമാകുന്ന ഒരു രോഗമാണ് അവരുടെ അണ്ഡാശയത്തിനെ ബാധിക്കുന്ന പോളി സിസ്‌റ്റിക് ഓവറി സിന്‍ഡ്രോം. ഇന്‍സുലിന്‍ പ്രതിരോധവും ഹോര്‍മോണുകളുടെ താളം തെറ്റലും മൂലമാണ് ഇത് സംഭവിക്കുന്നത്.
പ്രത്യേകിച്ച് കാണമൊന്നുമില്ലാതെ പെട്ടെന്ന് ഭാരം വര്‍ധിച്ചാല്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ വൈകരുത്. ഇതിന്റെ കാരണം കണ്ടെത്തി ചികിത്സ ആരംഭിച്ച ശേഷം സ്വാഭാവികമായ ഭാരത്തിലേക്ക് മടങ്ങാനുള്ള കാര്യങ്ങളും ചെയ്യേണ്ടതാണ്.












