കൊച്ചി: നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി. നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങൾക്ക് രണ്ടാഴ്ചയ്ക്കകം വെള്ളവും വൈദ്യുതിയും ഇ ടോയിലറ്റ് സൗകര്യവും എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. 300 ആദിവാസി കുടുംബങ്ങൾ 2019 ലെ പ്രളയത്തിൽ വീടുകളും പാലവും തകർന്നതിനെ തുടർന്ന് വനത്തിനുള്ളിൽ ദുരിത ജീവിതം നയിക്കുന്നുവെന്നാണ് പൊതുതാല്‍പര്യ ഹർജിയിൽ പറയുന്നത്.
പ്രളയത്തിൽ തകർന്ന പാലത്തിന് പകരമായി ചാലിയാര്‍ പുഴക്ക് കുറുകെ ഇരുട്ടുകുത്തി കടവില്‍ പാലം നിര്‍മ്മിക്കുമെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ചാലിയാര്‍ പുഴക്ക് കുറുകെ ഇരുട്ടുകുത്തി കടവില്‍ പാലം നിര്‍മ്മിക്കാനായി 5.76 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യം പരിശോധിക്കുമെന്നാണ് ഹൈക്കോടതി പറഞ്ഞത്. പാലം നിർമ്മാണത്തിന്‍റെയടക്കം പുരോഗതി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റുകയും ചെയ്തു.