വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ സംഗതിയല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാമുണ്ടെങ്കില്‍ മാത്രമേ വണ്ണം കുറയ്ക്കാൻ സാധിക്കൂ. അതും ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില്‍ വലിയ ഘടകമാണ്. എന്തായായാലും വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഡയറ്റിന് (ഭക്ഷണത്തിന്) ഉള്ള പ്രാധാന്യം എത്രമാത്രമാണെന്നത് എടുത്തുപറയേണ്ടതില്ല. പല ഭക്ഷണപാനീയങ്ങളും ഇതിനായി ഒഴിവാക്കേണ്ടി വരാം. പലതും ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം. ഇപ്പോഴിതാ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് രാത്രി കിടക്കാൻ പോകും മുമ്പായി ചെയ്യാവുന്ന ചില ഡയറ്റ് ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്.
- ഒന്ന്…
- രാത്രിയില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല. എന്നാല്‍ പുതിനച്ചായ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കും. ഇക്കാര്യങ്ങളെല്ലാം തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് ഗുണകരമാണ്.
- രണ്ട്…
- അത്താഴം വളരെ ലളിതമായി കഴിക്കുകയെന്നതാണ് അടുത്തതായി ശ്രദ്ധിക്കാനുള്ള കാര്യം. അത്താഴം ലളിതമായിരിക്കണം എന്ന് പൊതുവെ തന്നെ ആളുകള്‍ പറയാറുള്ളതാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത് പിന്തുടരണം. അതുപോലെ തന്നെ രാത്രിയില്‍ കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ്സ് എന്നിവ കഴിക്കുന്നതും നല്ലതല്ല.
- മൂന്ന്…
- അത്താഴം അധികം വൈകി കഴിക്കുന്നതും, വൈകി ഉറങ്ങുന്നതുമൊന്നും വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്നവര്‍ക്ക് നല്ല ശീലമല്ല. കഴിയുന്നതും അത്താഴം നേരത്തെ തന്നെ കഴിക്കുക. അധികം വൈകാതെ തന്നെ ഉറങ്ങിയും ശീലിക്കണം. അത്താഴം കനത്തില്‍ കഴിക്കുന്നതും വൈകി കഴിക്കുന്നതുമെല്ലാം കാര്യമായ ദഹനപ്രശ്നങ്ങളുണ്ടാക്കും. ഇതെല്ലാം വണ്ണം കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകാം.
- നാല്…
- മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ അതുപേക്ഷിക്കുക. പ്രത്യേകിച്ച് രാത്രിയില്‍ ഇതൊഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. മദ്യം മാത്രമല്ല ആല്‍ക്കഹോളിക് ആയ പാനീയങ്ങളെല്ലാം രാത്രിയില്‍ ഒഴിവാക്കണം.
- അഞ്ച്…
- രാത്രിയില്‍ എന്തെങ്കിലും സ്നാക്സ് കഴിക്കണമെന്ന് തോന്നിയാലും അനാരോഗ്യകരമായ ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുക. നട്ട്സ്, പോപ്കോണ്‍ പോലുള്ള ഹെല്‍ത്തിയായ സ്നാക്സ്- അതും പരിമിതമായ അളവില്‍ മാത്രം കഴിക്കുക. മറ്റ് സ്നാക്സ് രാത്രിയില്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയായിരിക്കും.