കണ്ണൂർ: തുടർച്ചയായി ട്രെയിനുകൾക്കു നേരെ കല്ലേറും അക്രമങ്ങളും തുടരുന്നതിനെതിരെ നാടൊന്നിക്കുന്നു. അക്രമം തുടരുന്ന സാഹചര്യത്തിൽ എ.സി.പി ടി.കെ. രത്നകുമാർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. ജനകീയ ഇടപെടലിലൂടെ ട്രെയിനുകൾക്കു നേരെയുള്ള അക്രമങ്ങൾ ഇല്ലാതാക്കാനാണ് തീരുമാനം. ഇതിനായി ജനകീയ സമിതി രൂപവത്കരിക്കും. ജനങ്ങളുടെ ശ്രദ്ധ പതിഞ്ഞാൽ സാമൂഹികവിരുദ്ധരുടെ അതിക്രമം കുറക്കാനാവുമെന്നാണ് പ്രതീക്ഷ. പാളത്തിനോട് ചേർന്നുള്ള കാടുകൾ വെട്ടിത്തെളിക്കും. ട്രാക്കിനോട് ചേർന്നുള്ള ലഹരി സംഘങ്ങളുടെ സാമീപ്യം ജനകീയ സമിതി പൊലീസിനെ അറിയിക്കും. സ്കൂൾ കുട്ടികളുടെ യാത്രയും നിരീക്ഷിക്കും. ഡ്രോൺ പരിശോധന അടക്കം നടത്തും.
കല്ലേറ് തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ച ട്രാക്കുകളിൽ ശക്തമായ നിരീക്ഷണം നടത്തും. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ട്രാക്കിനോട് ചേർന്ന് വണ്ടിക്കു നേരെ കല്ലേറും മറ്റ് അക്രമങ്ങളും തടയാൻ റെയിൽവേ പൊലീസിനും ലോക്കൽ പൊലീസിനും പരിമിതിയുണ്ട്. നാട്ടുകാരുടെ ജാഗ്രതയും ഇടപെടലും ഉണ്ടായാൽ ഇത്തരം അക്രമങ്ങൾക്ക് തടയിടാനാവുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായ ദിവസങ്ങളിൽ കല്ലേറുണ്ടായിട്ടും ഇതുവരെ ആർ.പി.എഫിനും റെയിൽവേ പൊലീസിനും ആരെയും പിടികൂടാനാവത്തതും തലവേദനയായിരിക്കുകയാണ്. ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുകയാണ്.
അതിനിടെ, വ്യാഴാഴ്ച കാസർകോട് സിമന്റ് കട്ടയും ക്ലോസറ്റും കയറ്റിവെച്ച് െട്രയിൻ അപകടപ്പെടുത്താനുള്ള ശ്രമമുണ്ടായി. കളനാട് റെയിൽവേ തുരങ്കത്തിന് സമീപത്തെ പാളത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ കോയമ്പത്തൂർ-മംഗളുരു ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോക്കോ-പൈലറ്റാണ് ക്ലോസറ്റ് കഷണവും ചെങ്കല്ലും വെച്ച വിവരം കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മാസ്റ്ററെ അറിയിച്ചത്. അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് 3.49ഓടെ തലശ്ശേരിക്കും വടകരക്കുമിടയിൽ വന്ദേഭാരത് എക്സ്പ്രസിന് കല്ലേറുണ്ടായിരുന്നു. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന െട്രയിനിന് നേരേയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി മിനുട്ടുകളുടെ ഇടവേളയിൽ കണ്ണൂരിനും നീലേശ്വരത്തിനും ഇടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സപ്രസിനും ഷൊർണൂർ ഭാഗത്തേക്കുള്ള ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെയാണ് കല്ലേറുണ്ടായത്. നീലേശ്വരം റെയിൽവെ സ്റ്റേഷന് സമീപം ഓക്ക എക്സപ്രസ് ട്രെയിനിനും കല്ലുപതിച്ചു. ഒരേസമയത്ത് മൂന്നിടത്ത് െട്രയിനിന് നേരെ കല്ലേറുണ്ടായത് ആസൂത്രിതമാണെന്ന സംശയമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ ഇടപെടലിനായി ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, കോർപറേഷൻ കൗൺസിലർമാർ, ആർ.പി.എഫ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂരില്‍ നിന്നുള്ള ചരക്കുവിമാനസര്വിസ് ഇന്നത്തേക്ക് മാറ്റി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ കാര്‍ഗോ വിമാന സർവിസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് നാലിന് ഷാര്‍ജയിലേക്ക് നടത്താനിരുന്ന സര്‍വിസാണ് സാങ്കേതിക കാരണത്താല്‍ വിമാനം എത്താത്തതിനെ തുടര്‍ന്ന് റീഷെഡ്യൂള്‍ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് വിമാനം പുറപ്പെടുക. ബംഗളൂരുവില്‍ നിന്ന് എത്തേണ്ടിയിരുന്ന കാര്‍ഗോ വിമാനമാണ് സാങ്കേതിക കാരണത്താല്‍ റദ്ദാക്കിയത്. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
കാര്‍ഗോ സര്‍വിസിനുള്ള സമ്മതപത്രം മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് കാര്‍ഗോ സര്‍വിസ് നടത്തുന്ന ദ്രാവിഡന് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി. ഉമേഷ് കാമത്തിന് കൈമാറി. പി. സന്തോഷ് കുമാര്‍ എം.പി., കെ.കെ. ശൈലജ എം.എല്‍.എ., കിയാല്‍ എം.ഡി. സി. ദിനേശ്കുമാര്‍, നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.