കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാതകളും സർവിസ് റോഡുകളുമടക്കം 58.20 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. കൊല്ലം ലോക്സഭ മണ്ഡലത്തിലെ ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പ്രാദേശികമായ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് കൂടുതല്‍ നിർമാണ പദ്ധതികൾക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.കാവനാട് മുതല്‍ കടമ്പാട്ടുകോണംവരെ ശിവാലയ കണ്‍സ്ട്രക്ഷന്‍സിന്റെ നിര്‍മാണപരിധിയില്‍ വരുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അനുമതി ലഭ്യമായതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. ദേശീയപാതയില്‍നിന്ന് ശിവഗിരിയിലേക്ക് പോകുവാന്‍ മുക്കട ജങ്ഷനില്‍ അടിപ്പാത നിർമാണം, അയത്തില്‍ പാലം വീതി കൂട്ടി 500 മീറ്റര്‍ സർവിസ് റോഡ് നിർമാണം എന്നിവയാണ് അധികമായി അനുമതി കിട്ടിയ പ്രവൃത്തികള്‍.
കൊട്ടിയത്ത് കൂടുതലായി 27.5 മീറ്റര്‍ നീളത്തില്‍ ഒരു സ്പാന്‍ നിര്‍മിക്കുന്നതിന് 2.08 കോടി, ചാത്തന്നൂരില്‍ 30 മീറ്റര്‍ നീളത്തില്‍ കൂടുതലായി ഒരു സ്പാന്‍കൂടി നിര്‍മിക്കുന്നതിന് 2.27 കോടി, പാരിപ്പള്ളിയില്‍ 35 മീറ്റര്‍ നീളത്തില്‍ ഒരു അധിക സ്പാന്‍ നിര്‍മിക്കുന്നതിന് 2.93 കോടി, ചാത്തന്നൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ വന്നുപോകുന്നതിന് വലിയ അടിപ്പാത നിര്‍മിക്കുന്നതിന് 3.82 കോടി, കുരീപ്പുഴ വാഹന ഗതാഗതത്തിനുള്ള അടിപ്പാത നിര്‍മിക്കുവാന്‍ 9.33 കോടി, മങ്ങാട് രണ്ട് അടിപ്പാതകളുടെ നിർദേശമാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത് (1.09 കോടി രൂപ വീതം).
അയത്തില്‍ 500 മീറ്റര്‍ സർവിസ് റോഡ് നിര്‍മിക്കുന്നതിനും നിലവിലെ പാലം വീതികൂട്ടുന്നതിനുമായി 8.77 കോടി, ശിവഗിരിയിലേക്ക് വാഹനം പോകുവാന്‍ പാരിപ്പള്ളി മുക്കട ജങ്ഷനില്‍ അടിപ്പാത നിര്‍മാണം- 12.72 കോടി, പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കൽ-14.76 കോടി, ജി.എസ്.ടി ഉള്‍പ്പെടെ 58.20 കോടി എന്നിങ്ങനെയാണ് അനുമതി നല്‍കിയിട്ടുള്ളത്. കൂടുതലായി അനുവദിച്ച പ്രവൃത്തികള്‍ ഉള്‍പ്പെടെ 2025 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ വ്യവസ്ഥകള്‍ പ്രകാരമുള്ള തീയതിയെക്കാള്‍ മുന്‍കൂട്ടിയുള്ള തീയതിയില്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പുതിയ നിർദേശം.