ലക്‌നൗ∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. അജയ് റായ് പറഞ്ഞത് യാഥാര്‍ഥ്യമായാല്‍ ഇക്കുറിയും അമേഠിയില്‍ രാഹുല്‍-സ്മൃതി ഇറാനി പോരാട്ടത്തിനു കളമൊരുങ്ങും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മത്സരിച്ചത്. അമേഠിയില്‍ രാഹുലിനെ ബിജെപിയുടെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ വയനാട്ടില്‍നിന്നുള്ള എംപിയാണ് രാഹുല്‍.പ്രിയങ്ക ഗാന്ധിക്ക് ഉത്തർപ്രദേശിലെ ഏതു മണ്ഡലത്തിൽ നിന്നും മത്സരിക്കാമെന്നും അജയ് റായ് വ്യക്തമാക്കി. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ, അവരുടെ വിജയം ഉറപ്പാക്കാനായി പാർട്ടി പ്രവർത്തകർ തീവ്രശ്രമം നടത്തും. പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ഏതു മണ്ഡലത്തിൽനിന്ന് മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
കിലോയ്ക്ക് 13 രൂപ നിരക്കിൽ പഞ്ചസാര ലഭ്യമാക്കുമെന്ന വാഗ്ദാനത്തെക്കുറിച്ച് സ്മൃതി ഇറാനി വിശദീകരിക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് സ്മൃതി ഇറാനി പൊതുജനങ്ങളോട് പറയണമെന്നും അജയ് റായ് ആവശ്യപ്പെട്ടു.
അതേസമയം, രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് എഐസിസി പ്രതികരിച്ചു. യുപിയിലെ പാർട്ടി അധ്യക്ഷൻ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.
മുന്‍ എംഎല്‍എ ആയ അജയ് റായിയെ കഴിഞ്ഞ ദിവസമാണ് യുപി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചത് അജയ് റായ് ആയിരുന്നു. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും റായ് മൂന്നാം സ്ഥാനത്തായിരുന്നു.
മുന്‍പ് ബിജെപിയില്‍ ആയിരുന്ന റായ് മൂന്നു തവണ താമര ചിഹ്നത്തില്‍ മത്സരിച്ചാണ് എംഎല്‍എ ആയത്. തുടര്‍ന്ന് എസ്പിയിലേക്കു ചുവടുമാറി പിന്നീട് കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ രാഹുലിന് വാരാണസിയിലെ തന്റെ വീട് സമര്‍പ്പിക്കുന്നതായി റായ് പറഞ്ഞതു ചര്‍ച്ചയായിരുന്നു.