കൊച്ചി> അട്ടപ്പാടി മധു വധക്കേസിൽ മധുവിന്റെ അമ്മ നിർദേശിക്കുന്ന മുതിർന്ന അഭിഭാഷകരിൽ ആരെ വേണമെങ്കിലും സ്‌പെഷ്യൽ പ്രോസിക്യൂട്ടറാക്കുന്നത് പരിഗണിക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മധു വധക്കേസിൽ വിചാരണക്കോടതി വിധിക്കെതിരായ അപ്പീലിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് അറിയിച്ചത്. നിലവിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമാണ് അപ്പീൽ ഹർജിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്നത്. ഇവരെക്കാൾ താരതമ്യേന ജൂനിയറായ മറ്റൊരു അഭിഭാഷകനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. എന്നാൽ, കോളിളക്കം സൃഷ്ടിച്ച കേസിന്റെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ജൂനിയർ അഭിഭാഷകനെ നിയമിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. കേസ് കൈകാര്യം ചെയ്യുന്ന ഡിജിപിയും എഡിജിപിയും മുതിർന്ന അഭിഭാഷകരാണ്. അതിനാൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി മുതിർന്ന അഭിഭാഷകരെ നിർദേശിച്ചാൽ പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് ഹർജി 21ന് പരിഗണിക്കാൻ മാറ്റി.