കൊല്ലം> സംസ്ഥാനത്ത് വനം മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്ത് ആദ്യമായി കുളത്തൂപ്പുഴയിൽ വനംവകുപ്പ് ആരംഭിച്ച ഫോറസ്‌റ്റ് മ്യൂസിയം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിച്ച് വനസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഹബ്ബാക്കും. വനത്തെപ്പറ്റി അറിവുകൾ നൽകുന്നതിനുള്ള ഇൻഫർമേഷൻ സെന്റർ സജ്ജമാക്കുകയുംചെയ്യും.വനത്തിനും വന്യജീവികളുടെ നിലനിൽപ്പിനും ഭീഷണിയായ പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ഇക്കോടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. കുളത്തൂപ്പുഴയും തെന്മലയും ഉൾപ്പെടുന്ന വലിയ ടൂറിസം പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ഇതിനായി പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി.