കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ താർ മരുഭൂമിയെയും മാറ്റങ്ങൾക്ക് വിധേയമാക്കിയേക്കാമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. വരണ്ട വിസ്തൃതിക്ക് പേരുകേട്ട താർ മരുഭൂമി ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പച്ചപ്പ് നിറഞ്ഞതായി തീരുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന താപനിലയെ തുടർന്ന് ലോകമെമ്പാടുമുള്ള പല മരുഭൂമികളും വികസിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോഴാണ് ഇതിൽ നിന്നും വ്യത്യസ്തമായ ഒരു നിരീക്ഷണം താർ മരുഭൂമിയുമായി ബന്ധപ്പെട്ട് ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. അതെ, മറ്റിടങ്ങളില്‍ ചൂട്ടുപൊള്ളുമ്പോള്‍ താര്‍ മരുഭൂമി പച്ചപ്പ് നിറഞ്ഞ പ്രദേശമായി മാറുമെന്നാണ് ഗവേഷകരുടെ നിഗമനം.
ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യകളിലുമായി വ്യാപിച്ചുകിടക്കുന്ന താർ മരുഭൂമിക്ക് 2,00,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ 20 -ാമത്തെ മരുഭൂമിയും ലോകത്തിലെ ഏറ്റവും വലിയ 9 -ാമത്തെ ചൂടുള്ള ഉപഉഷ്ണമേഖലാ മരുഭൂമിയുമാണ് താര്‍. ആഗോളതാപനത്തിന്‍റെ സ്വാധീനത്തിൽ ഭൂമിയിലെ മരുഭൂമികളുടെ വളർച്ചയെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. 2050 -ഓടെ സഹാറ മരുഭൂമിയുടെ വലിപ്പം പ്രതിവർഷം 6,000 ചതുരശ്ര കിലോമീറ്ററിലധികം വർദ്ധിക്കുമെന്നാണ് വിദഗ്ധർ കണക്കാക്കിയിരിക്കുന്നത്. എന്നാൽ, എർത്ത്‌സ് ഫ്യൂച്ചർ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമാണ് താർ മരുഭൂമിയെക്കുറിച്ചുള്ള അപ്രതീക്ഷിത വീക്ഷണം മുന്നോട്ടുവയ്ക്കുന്നത്.
1901 -നും 2015 -നും ഇടയിൽ ഇന്ത്യയുടെ വടക്ക് – പടിഞ്ഞാറൻ പ്രദേശങ്ങളിലും പാകിസ്ഥാന്‍റെ തെക്ക് – കിഴക്കന്‍ പ്രദേശങ്ങളിലും മഴയുടെ ലഭ്യതയിൽ 10 മുതൽ 50 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായാണ് ഗവേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇന്ത്യൻ മൺസൂണിന്‍റെ പടിഞ്ഞാറോട്ടുള്ള വികാസം പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറൻ പ്രദേശങ്ങളെ ഈർപ്പമുള്ള “മൺസൂൺ” കാലാവസ്ഥയിലേക്ക് സമൂലമായി മാറ്റുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇത് ഈ മേഖലയിൽ ഗണ്യമായ കാർഷിക, സാമൂഹിക – സാമ്പത്തിക മാറ്റങ്ങൾക്ക് കാരണമാകുമെന്നും പഠനം ഊന്നിപ്പറയുന്നു. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഗവേഷക സംഘം കഴിഞ്ഞ 50 വർഷമായി ദക്ഷിണേഷ്യയിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ സമാഹരിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രദ്ധേയമായ ഈ നിരീക്ഷണങ്ങൾ മുന്നോട്ടുവച്ചത്. താർ മരുഭൂമിയില്‍ പച്ചപ്പ് നിറഞ്ഞാല്‍ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള തുടർ പഠനത്തിലാണ് ഇപ്പോൾ ഗവേഷകർ.