കോട്ടയം: അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതുപ്പള്ളി യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്നതാണ് എല്‍.ഡി.എഫിന്റെ വെല്ലുവിളി. ട്രഷറിയില്‍ അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ഒരു ചെക്കും പാസാകാത്ത അവസ്ഥയാണ്. ഒരു ഓട പണിയാനുള്ള പണം പോലും നല്‍കാന്‍ ശേഷിയില്ലാത്ത സര്‍ക്കാര്‍ വികസനം ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കത് ഏറ്റവും വലിയ തമാശയാണ്.
മാസപ്പടി ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. കെ ഫോണില്‍ എസ്.ആര്‍.ഐ.ടി ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യത്തിന് എല്ലാ നിയമങ്ങളും ലംഘിച്ച് കോടിക്കണക്കിന് രൂപ പലിശയില്ലാതെ മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയെന്ന് സി.എ.ജിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ 36 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇടപെട്ടാണ് നിയമവിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസെന്നാല്‍ മുഖ്യമന്ത്രിയാണെന്നാണ് അര്‍ഥം. പാലാരിവട്ടം പാലം അഴിമതിയില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയെന്നതിന്റെ പേരിലാണ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയത്. അങ്ങനെയെങ്കില്‍ 36 കോടിയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടാക്കിയ മുഖ്യമന്ത്രിയും കേസില്‍ പ്രതിയാകും. ആയിരം കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 1531 കോടിയാക്കി. കമ്പനികളെ സഹായിക്കാന്‍ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചതിലൂടെ 500 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. 1000 കോടിയുടെ പദ്ധതി 1531 കോടിക്ക് നടപ്പാക്കിയതും പോരാഞ്ഞാണ് 10 ശതമാനം തുക പലിശരഹിത മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയത്. കെ ഫോണിലൂടെ മാത്രം ഖജനാവിന് കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.