ഡല്‍ഹി: സമൂഹമാധ്യമ പോസ്റ്റുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അത് ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടിലെ വനിത മാധ്യമപ്രവര്‍ത്തകരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന തമിഴ് നടനും മുന്‍ എം.എല്‍.എയുമായ എസ്.വി. ശേഖറിന്റെ അപേക്ഷ തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.
ഇതേ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈകോടതിയും തള്ളിയിരുന്നു. മറ്റൊരാളുടെ പോസ്റ്റ് പങ്കുവെക്കുകമാത്രമായിരുന്നുവെന്നും സംഭവദിവസം കണ്ണില്‍ മരുന്നൊഴിച്ചിരുന്നതിനാല്‍ ഉള്ളടക്കം ശ്രദ്ധിച്ചിരുന്നില്ലെന്നുമുള്ള ശേഖറിന്റെ വാദം കോടതി തള്ളി. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് അനിവാര്യമാണെന്ന് കരുതുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കൂടി നേരിടാന്‍ തയാറായിരിക്കണമെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.കെ. മിശ്ര എന്നിവരടങ്ങിയ സുപ്രീകോടതി ബെഞ്ച് നിരീക്ഷിച്ചു.