ദില്ലി: ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഡിസംബര്‍ 31 വരെ സവാളയുടെ കയറ്റുമതിക്ക് കേന്ദ്രം 40 ശതമാനം തീരുവ ചുമത്തി. സര്‍ക്കാര്‍ വിജ്ഞാപനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 31 വരെ സവാള കയറ്റുമതിക്ക് സര്‍ക്കാര്‍ 40 ശതമാനം തീരുവ ചുമത്തുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സെപ്റ്റംബറില്‍ സവാള വില ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കയറ്റുമതി തീരുവ വര്‍ധിപ്പിച്ചത്.
ഒക്ടോബറില്‍ പുതിയ വിളയുടെ വരവ് വരെ വില പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, നിര്‍ദ്ദിഷ്ട പ്രദേശങ്ങളിലെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് സവാള ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇ-ലേലം, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്, ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും നടത്തുന്ന അവരുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള് വഴി കിഴിവുകള്‍ എന്നിവയുള്‍പ്പെടെ സവാള വിതരണത്തിനായി സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്യുകയാണ്. നിലവില്‍, കുറഞ്ഞ ലഭ്യതയുള്ള കാലയളവില്‍ വിലയിലുണ്ടായ അപ്രതീക്ഷിതമായ കുതിച്ചുചാട്ടം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ട് (പിഎസ്എഫ്) ഉപയോഗിച്ച് 3 ലക്ഷം ടണ്‍ സവാള സംഭരിച്ചിട്ടുണ്ട്.