ലണ്ടൻ: ബ്രിട്ടനിൽ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സ് കുറ്റക്കാരിയെന്ന് വിധിച്ചു. ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തുകയും ആറ് ശിശുക്കളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിച്ചത്. ശിക്ഷവിധി തിങ്കളാഴ്ചയുണ്ടാകും. ബ്രിട്ടനെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കുഞ്ഞുങ്ങളുടെ കൊലപാതകം. അഞ്ച് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് നഴ്സിന്റെ ക്രൂരതക്കിരയായത്. നോർത്തേൺ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലായിരുന്നു കുട്ടികൾ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ നവജാത ശിശുക്കളുടെ സംരക്ഷണ ചുമതലയായിരുന്നു നഴ്സ് ലൂസിക്ക്. 2015-16 കാലയളവിലാണ് കുട്ടികളെ കൊലപ്പെടുത്തിയത്. നഴ്സ് തന്നെ എഴുതിയ കുറിപ്പാണ് കേസിൽ നിർണായകമായത്. ഞാനൊരു പിശാചാണ്. എനിക്ക് കുട്ടികളെ നോക്കാനാകില്ല -എന്നാണ് ഇവർ എഴുതിവെച്ചത്. ഈ കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തി. ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലു കുടിപ്പിച്ചും കാലി സിറിഞ്ച് കുത്തിയുമൊക്കെയാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയത്. ആറ് കുട്ടികൾ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
നഴ്സ് ലൂസിയുടെ കീഴിലുള്ള കുട്ടികൾ പെട്ടെന്ന് മരിക്കുന്നത് ആശുപത്രിയിലെ ഇന്ത്യൻ ഡോക്ടറായ ഡോ. രവി ജയറാമാണ് ആദ്യം ശ്രദ്ധിച്ചത്. ആരോഗ്യത്തെടെയിരിക്കുന്ന കുട്ടികൾ പെട്ടെന്ന് മരിക്കുന്നതാണ് ശിശുരോഗ വിദഗ്ധനായ ഡോക്ടറെ ആശങ്കയിലാക്കിയത്. ഡോക്ടർക്ക് തോന്നിയ ആശങ്ക പൊലീസിനെയും ആശുപത്രി അധികൃതരെയും അറിയിക്കുകയും ചെയ്തു. എന്നാൽ അന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ല. 2015 ജൂണിൽ ലൂസിക്ക് കീഴിലെ മൂന്ന് കുട്ടികൾ പെട്ടെന്ന് മരിച്ചതാണ് ഡോക്ടറുടെ സംശയത്തിന് കാരണം. പിന്നീട് കൂടുതൽ കുട്ടികൾ മരിച്ചതോടെ സംശയം ബലപ്പെട്ടു. 2017 ഏപ്രിലിലാണ് നാഷണൽ ഹെൽത്ത് സർവീസ് പൊലീസിനെ സമീപിക്കാൻ ഡോക്ടർമാരെ അനുവദിച്ചത്. അന്വേഷണത്തിൽ ഡോക്ടർമാരുടെ സംശയം സത്യമാണെന്ന് തെളിയുകയും ചെയ്തു.
കുറ്റാന്വേഷണ വെബ്സീരീസിലെ കഥക്ക് സമാനമായിരുന്നു ലൂസിയുടെ ജീവിതം. എന്തിനാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതെന്നുപോലും ഇവർക്ക് വ്യക്തതയില്ല. പത്ത് മാസം നീണ്ട വിചാരണയിൽ ലൂസിയുടെ പെരുമാറ്റവും ഉത്തരങ്ങളും പൊലീസിനെയും കോടതിയെയും കുഴക്കി. ജനിച്ച് ഒരുദിവസം പ്രായമായ കുഞ്ഞിനെ വരെ ലൂസി കൊലപ്പെടുത്തി. ഇൻസുലിൻ കുത്തിയും അമിതമായി പാലുകുടിപ്പിച്ചും വായുകുത്തിവെച്ചുമെല്ലാമായിരുന്നു കൊലപാതകം. കുട്ടികളെ പരിചരിക്കുന്നതിൽ വിദഗ്ധയായിരുന്നു ലൂസി. ഈ വൈദഗ്ധ്യം മുതലെടുത്താണ് ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും വിശ്വാസം നേടിയെടുത്തത്. കുഞ്ഞുങ്ങളുടെ ആരോഗ്യ നില വഷളാകുമ്പോൾ വിഷമത്തോടെയാണ് ഇവർ സഹപ്രവർത്തകരെ അറിയിച്ചത്. ക്രൂരതകളെല്ലാം ലൂസി ആസ്വദിക്കുകയാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. പരിചരണത്തിനെത്തിച്ച കുട്ടികൾക്ക് പ്രത്യേക വൈദ്യസഹായത്തിന്റെ ആവശ്യമില്ലായിരുന്നെന്നും ജോലി സമയത്ത് മുഷിച്ചിൽ മാറ്റാനാണ് കൊലപാതകമെന്നും ലൂസി പൊലീസിനോട് സമ്മതിച്ചു.