പാലക്കാട് ∙ വടക്കഞ്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പുതുക്കോട് പാട്ടോല ലക്ഷംവീട്ടിൽ ഹക്കീം – ഷമീറ ദമ്പതികളുടെ മകൻ റൈഹാൻ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അപ്പക്കാട് കാരാട്ട് കുളത്തിലായിരുന്നു അപകടം. പുതുക്കോട് സർവജന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കുളത്തിൽ കുളിക്കാൻ ഇറങ്ങുകയും അപകടത്തിൽ പെടുകയുമായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു.വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരങ്ങൾ: റിസ്ഫാൽ, റിഹാൽ.