തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ പ്രതിപക്ഷത്തിന്റെ നാമനിര്‍ദേശപത്രികാ വിവാദത്തിനെതിരെ എ കെ ശശീന്ദ്രന്‍. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ആരോപണമെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു. ‘പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉമ്മന്‍ചാണ്ടിയുടെ സ്മരണ കൊണ്ട് മാത്രം മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ടാര്‍ഗറ്റ് ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് കളിക്കുന്നത്. പി എ മുഹമ്മദ് റിയാസിനെതിരായ വിവാദം പ്രതിപക്ഷനാടകത്തിന്റെ അവസാന സീന്‍. എല്ലാം കഴിഞ്ഞ് വണ്ടിയും പോയി ചുവന്ന പതാക കാണിക്കുന്ന പ്രതിപക്ഷത്തിന്റെ വിഡ്ഡിത്തമാണ് പ്രതിപക്ഷം കാണിക്കുന്നത്. രാഷ്ട്രീയമോ വികസനമോ പറഞ്ഞ് പുതുപ്പള്ളിയിലെ ജനങ്ങളുടെ അടുത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തരത്തിലേക്ക് അവരെത്തി’. എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം കോഴിക്കോട്ടെ ആനക്കൊമ്പ് കേസിലും വനംമന്ത്രി വ്യക്തത നല്‍കി. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കും. അന്തര്‍ സംസ്ഥാന ബന്ധമുള്ള കേസാണിത്. അന്വേഷണത്തില്‍ ഗുരുതര സ്വഭാവമുള്ള വനം വന്യജീവി വേട്ടയാണ് പുറത്തുവരുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ വനം വിജിലന്‍സ് കൂടുതല്‍ ശക്തമാക്കും.