നീലേശ്വരം: രണ്ടു യുവാക്കളുടെ ആകസ്മിക മരണം തൈക്കടപ്പുറം തീരദേശ മേഖലയെ ദു:ഖസാന്ദ്രമാക്കി. ഞായറാഴ്ച വൈകീട്ട് നടന്ന ദാരുണ മരണം വിശ്വസിക്കാനാവാതെ നാട്ടുകാരും ഞെട്ടലിൽനിന്ന് മോചിതരായിട്ടില്ല. കടലിൽ 20 മീറ്റർ ദൂരത്തിൽ വലയുമായി ഇറങ്ങി ഞെണ്ട് പിടിക്കുന്നതിനിടയിലാണ് മത്സ്യത്തൊഴിലാളിയായ രാജേഷ് അപകടത്തിൽപെട്ടത്. സംഭവമറിഞ്ഞ് പിന്നാലെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ കോസ്റ്റൽ റെസ്ക്യൂ ഗാർഡ് സനീഷും കടൽ ചുഴിയിൽപ്പെട്ടു. ഉടനെ ഇരുവരെയും നീലേശ്വരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ നടുവിൽ പള്ളിക്ക് പടിഞ്ഞാറുള്ള കടൽ തീരത്താണ് രാജേഷ് അപകടത്തിൽപെട്ടത്. സംഭവമറിഞ്ഞ് സനീഷ്, പ്രകാശൻ, വിനോദ്,ഹരീഷ്, സന്തോഷ് എന്നിവർ കടലിലേക്ക് ചാടുകയും മുങ്ങിത്താഴുന്ന രാജേഷിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനിടെ സനീഷ് ആഴത്തിലേക്ക് പോവുകയുമായിരുന്നു. കടൽ പതിവില്ലാതെ ഉൾവലിഞ്ഞതിനാലാണ് കരയിലേക്ക് പെട്ടെന്ന് നീന്തി രക്ഷപ്പെടാൻ കഴിയാത്തതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു.
സ്വന്തം ജീവൻ വകവെക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സനീഷിന്റെയും അപകടത്തിൽപ്പെട്ട രാജേഷിന്റെയും മരണം തൈക്കടപ്പുറം തീരദേശത്തെ മുഴുവൻ ഞെട്ടലിലാക്കി. അപ്രതീക്ഷിതമായി പൊലിഞ്ഞത് അടുത്തടുത്ത വീടുകളിലെ രണ്ട് യുവാക്കളുടെ ജീവനുകളാണ്. പല അപകടങ്ങളിലും രക്ഷപ്രവർത്തനത്തിന് മുൻ നിരയിൽ ഉണ്ടാകാറുണ്ട് സനീഷ്. ഇരുവരുടെയും മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലാണ്. തിങ്കളാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.