തുവ്വൂർ (മലപ്പുറം)∙ മലപ്പുറം തൂവ്വൂരിൽ കണ്ടെത്തിയ മൃതദേഹം ഈ മാസം 11ന് കാണാതായ യുവതിയുടെതാണെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. വിഷ്ണു, രണ്ട് സഹോദരങ്ങൾ, സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഫോറൻസിക് സംഘം എത്തി മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും.തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്. വിഷ്ണുവിന്റെ വീടിനോട് ചേർന്നുള്ള കുഴിയിലാണ് മൃതദേഹമുള്ളത്. ഇന്നലെ രാത്രി ഒൻപതിനാണ് പൊലീസ് പരിശോധന നടത്തിയത്. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു. കഴിഞ്ഞ 11ന് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.












