പാമ്പാടി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ചാണ്ടി ഉമ്മനായി പ്രചാരണത്തിനിറങ്ങി സഹോദരി അച്ചു ഉമ്മൻ. ചാണ്ടി ഉമ്മന്‍റെ വാഹന പ്രചാരണ ജാഥയില്‍ ഒപ്പം കൂടിയ അച്ചു ഉമ്മൻ പലരെയും നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. മണ്ഡലത്തിലെ മീനടം കേന്ദ്രീകരിച്ചാണ് ഇന്ന് ചാണ്ടി ഉമ്മൻ പ്രചാരണം നടത്തിയത്. രാജ് മോഹൻ ഉണ്ണിത്താൻ എം പിയാണ് ഇന്നത്തെ പ്രചരണം ഉദ്ഘാടനം നിർവഹിച്ചത്. തനിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിന്‍റെ പേരിൽ ജോലി നഷ്ടപ്പെട്ട സതിയമ്മ ചേച്ചിയോട് ഐക്യപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ചാണ്ടി ഉമ്മൻ നന്ദി പ്രസംഗം നടത്തിയത്.
ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിന്‍റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് അപ്പയുടെ പേരിലുണ്ടാക്കിയ സ്തൂഭം അടിച്ച് തകർത്തു. പുതുപ്പള്ളിയിൽ ആദരാഞ്ജലി അർപ്പിച്ച് വച്ച ഫ്ലക്സ് ബോഡുകൾ വരെ എടുത്ത് മാറ്റാണമെന്ന് പരാതികൾ നൽകുന്നു. രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണ് ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
പ്രചരണവഴിയിൽ പ്രിയദർശനി സ്പിന്നിങ് മില്ലിലെത്തി തൊഴിലാളികളെ നേരിൽ കണ്ട് ചാണ്ടി ഉമ്മൻ വോട്ട് അഭ്യർത്ഥിച്ചു. ആശുപത്രിപ്പടി, കാവാലച്ചിറ, തിങ്കിടി, ചെറുമല, മാന്താടി കോളനി, ചുമയങ്കര, വട്ടകാവ്, പി എച്ച് സി, ആയുർവേദപ്പടി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചാണ്ടി ഉമ്മന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നൽകിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാർത്ഥിത്വമെന്ന് പറഞ്ഞ അച്ചു ഉമ്മൻ, പുതുപ്പള്ളിയിൽ വികസന മുരടിപ്പെന്ന ആരോപണത്തിനും മറുപടി നല്‍കി. വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ടാണ് 53 വർഷം ഉമ്മൻചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചതെന്ന് അച്ചു ഉമ്മൻ കൂട്ടിച്ചേര്‍ത്തു.