ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ ആഹ്ലാദവും അഭിമാനവും പങ്കുവച്ച് ചലച്ചിത്രലോകം. രാജ്യമൊട്ടാകെയുള്ള വിവിധ ഭാഷാ ചലച്ചിത്ര മേഖലകളിലെ പ്രമുഖരൊക്കെ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആഹ്ളാദം പങ്കുവച്ചു. “ചരിത്രപരമായ ഈ നേട്ടത്തില്‍ ഐഎസ്ആര്‍ഒയിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യം ഈ നാഴികക്കല്ല് പിന്നിടുമ്പോള്‍ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു. എന്തൊരു അഭിമാന നിമിഷമാണിത്”, എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.
“അവസാനം, ദക്ഷിണധ്രുവം മാനവരാശിക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു! ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 നെ എത്തിക്കാന്‍ പരിശ്രമിച്ച ഐഎസ്ആര്‍ഒയിലെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍! കൌതുകവും സ്ഥിരോത്സാഹവും നവീകരിക്കലുമാണ് ഒരു രാജ്യത്തെ മുഴുവന്‍ അഭിമാനത്തിലേക്ക് എത്തിച്ചത്, ജയ്ഹിന്ദ്”, എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്.സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, തമിഴില്‍ നിന്ന് കമല്‍ ഹാസന്‍, തെലുങ്കില്‍ നിന്ന് ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരൊക്കെ ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയമായതില്‍ ആഹ്ലാദാഭിമാനം പങ്കിട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.