ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളറിയാം…
- ഒന്ന്…
- ആവിയിൽ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ന്യൂട്രീഷൻ റിസർച്ച് നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ശരീരത്തിലെ കൊളസ്‌ട്രോൾ ലെവൽ കുറച്ച് ഹൃദയത്തിനും രക്തധമനികൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത ബ്രൊക്കോളി കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.
- രണ്ട്…
- ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രൊക്കോളിയുടെ ഒരു പ്രധാന ഘടകം സൾഫോറാഫെയ്ൻ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കൽ ആണ്. ബ്രോക്കോളിക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
- മൂന്ന്…
- പ്രായം കൂടുന്തോറുമുണ്ടാകുന്ന കാഴ്ചക്കുറവിനെ ഒരുപരിധിവരെ പിടിച്ചുനിർത്താനും രാത്രികാലങ്ങളിലെ കാഴ്ചക്കുറവു തടയാനും ബ്രൊക്കോളി സഹായിക്കുമെന്ന് ഒരുകൂട്ടം ഗവേഷകർ പറയുന്നു.
- നാല്…
- ബ്രൊക്കോളിയിൽ കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ വാർദ്ധക്യസഹജമായ നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. ബ്രൊക്കോളിയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.
- അഞ്ച്…
- സൾഫർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ബ്രൊക്കോളി കുടലിന്റെ ആരോഗ്യത്തെ സഹായിക്കും. അതിന്റെ ഫലമായി അണുബാധയ്‌ക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തും.
- ആറ്…
- ആന്റിഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
- ഏഴ്…
- ചില പഠനങ്ങളനുസരിച്ച് ബ്രൊക്കോളി പോലുള്ള ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ദഹനം വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. ഇത് മികച്ച മലവിസർജ്ജനം ഉറപ്പാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു.