മൂന്നാർ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷാ മോഷണം പോയി. മൂന്നാർ ന്യൂ കോളനി സ്വദേശി എ നേശമണിയുടെ വാഹനമാണ് മോഷണം പോയത്. ഇക്കാനഗറിലെ സ്വകാര്യ റിസോർട്ടിന് മുൻപിലുള്ള പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് മോഷണം പോയത്. സമീപത്തെ റിസോർട്ടിൻ്റെ നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നും ഇന്നലെ പുലർച്ചെ 3.33 ന് മുഖം മറച്ച് വന്നയാൾ ഓട്ടോറിക്ഷാ കടത്തികൊണ്ടു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ നേശമണിയുടെ പരാതിയെ തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കോളനി ഭാഗത്തു നിന്നും സമാന രീതിയിൽ രണ്ട് ബൈക്കുകൾ, ആഡംബര കാർ, ഓട്ടോറിക്ഷ എന്നിവ മോഷണം പോയിരുന്നു. എന്നാൽ ഈ സംഭവങ്ങളിൽ പ്രതികളെ കണ്ടെത്താനോ, വാഹനങ്ങൾ കണ്ടെത്താനോ ഒരു വർഷമായിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. ജനുവരി മാസത്തില്‍ എറണാകുളം പെരുമ്പാവൂരിൽ തിയറ്റർ പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിലായിരുന്നു.
നഗരത്തിലെ തിയറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. തിയറ്ററിന് മുന്നിൽ റോഡരികിലാണ് ഉമ്മർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. ഓട്ടോ റിക്ഷയും പിടിച്ചെടുത്തു. കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.