അഹ്മദാബാദ്: ഫാക്ടറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്നാണ് ബ്രോമിന്‍ വാതകം ചോര്‍ന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വേദാജ് വില്ലേജിലെ പി.ഐ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ ടാങ്കില്‍ നിന്നാണ് ബ്രോമിന്‍ വാതകം ചോര്‍ന്ന് അന്തരീക്ഷത്തിലേക്ക് വ്യാപിച്ചതെന്ന് ബറൂച് പൊലീസ് സൂപ്രണ്ട് മയൂര്‍ ചവ്‍ദ അറിയിച്ചു.
വാതകം ശ്രസിച്ച 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വാതക ചോര്‍ച്ചയും പിന്നീട് നിയന്ത്രണ വിധേയമാക്കിയതായും മയൂര്‍ ചവ്‍ദ കൂട്ടിച്ചേര്‍ത്തു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയുണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ച കാരണം ഫാക്ടറിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഓറഞ്ച് നിറത്തില്‍ മേഘങ്ങള്‍ പോലെ വാതകം തങ്ങിനിന്നു. അഗ്നിശമന സേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും ഉടന്‍ തന്നെ കമ്പനിയില്‍ നിന്ന് ജീവനക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അടിയന്തിര നടപടികള്‍ എത്രയും വേഗം ആരംഭിച്ചുവെന്നും വാതകം ശ്വസിച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടവരെ ആംബുലന്‍സുകളില്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കികയാതും അധികൃതര്‍ പറഞ്ഞു. ഓറഞ്ച് മേഘങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു.