കണ്ണൂര്‍: മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32) ആണ് അറസ്റ്റിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. ഇയാളെ ആർപിഎഫ് കൂടുതല്‍ ചോദ്യം ചെയ്യും. ഓഗസ്റ്റ് 16 ന് മാഹിയ്ക്കും തലശ്ശേരിക്കും ഇടയിൽ വച്ചായിരുന്നു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ആര്‍പിഎഫ് സംഘം പരിശോധന നടത്തിയ ശേഷം പൊട്ടിയ ചില്ല് താത്കാലികമായി ഒട്ടിച്ചുവെച്ച് ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.
സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്സ്‌പ്രസ്.