കൊൽക്കത്ത: ജാദവ് പൂർ യൂനിവേഴ്സിറ്റിയിലെ ഞെട്ടിക്കുന്ന റാഗിങ് കഥകൾ പുറത്ത്. 17 വയസുള്ള വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിദ്യാർഥിയെ നഗ്നനാക്കി ഹോസ്റ്റലിലെ കാമ്പസിലൂടെ നടത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ആഗസ്റ്റ് ഒമ്പതിനാണ് ഒന്നാംവർഷ ബിരുദ വിദ്യാർഥി ഹോസ്റ്റലിന്റെ രണ്ടാംനിലയിൽ നിന്ന് താഴേക്ക് വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്റ്റലിൽ കടുത്ത റാഗിങ്ങും ലൈംഗിക പീഡനവും കുട്ടി നേരിട്ടതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെയാണ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ മറ്റ് അംഗങ്ങളെയും ജീവനക്കാരെയും ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു.
അവരിൽ നിന്നാണ് റാഗിങ്ങിന്റെ ഭാഗമായി കുട്ടിയെ ഹോസ്റ്റലിനു പുറത്തുകൂടി നഗ്നനായി നടത്തിച്ച വിവരം പുറത്തുവന്നത്. ഒരുമണിക്കൂറിലേറെ നേരം വിദ്യാർഥി റാഗിങ്ങിനിരയായി. രക്ഷപ്പെടാനായി ഹോസ്റ്റലിലെ ഓരോ മുറിയിലേക്ക് കുട്ടി ഓടിച്ചെന്നു. റാഗിങ്ങിന്റെ പേരിന്റെ വിദ്യാർഥിയെ സ്വവർഗ ലൈംഗിക ബന്ധത്തിനും ഇരയാക്കി. അറസ്റ്റ് ചെയ്ത 12 പേർക്കെതിരെയും തെളിവുണ്ട്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ യൂനിവേഴ്സിറ്റിയിൽ നടന്ന സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഗവർണർ സി.വി. ആനന്ദ ബോസിനാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഗവർണറാണ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ. അദ്ദേഹമാണ് യൂനിവേഴ്സിറ്റിയിലെ ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതും. വിദ്യാർഥിയുടെ മരണത്തിൽ വിശദീകരണം തേടി ഗവർണർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.