കാസർകോട് : ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന കള്ളൻ ഒടുവിൽ പൊലീസിന്റെ പിടിയിലായി. ഏറെ നാളായി പൊലീസിനെ വെട്ടിച്ച് മാല മോഷണം പതിവാക്കിയ ഇയാളെ കീഴൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാസർകോട് കീഴൂർ സ്വദേശി മുഹമ്മദ് ഷംനാസാണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. പതിനൊന്ന് മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണിയാൾ. ബൈക്കിൽ എത്തുന്ന ഇയാൾ തനിച്ച് നടന്ന് പോകുന്ന സ്ത്രീകളുടെ മാല കവർന്ന് രക്ഷപ്പെടാറാണ് പതിവ്. മേൽപ്പറമ്പ്, വിദ്യാനഗർ, ബേഡഡുക്ക, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇയാൾക്കെതിരെ കവർച്ച കേസുകളുണ്ട്.
ഹെൽമറ്റ് വച്ച് എത്തുന്ന ഇയാൾ സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നാണ് മാല കവരുന്നത്. അത് കൊണ്ട് തന്നെ ആളെ മനസിലാക്കാൻ പൊലീസ് ഏറെ ബുധിമുട്ടി. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. പിടിച്ച് പറിച്ച മാലകളിൽ ചിലത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി കണ്ടെത്താൻ മുഹമ്മദ് ഷംനാസിനെ കസ്റ്റഡിയിൽ വാങ്ങും. ഇയാളെ സഹായിച്ചവരെ കുറിച്ചും സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുഹമ്മദ് ഷംനാസ് മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതിയാണ്.