മോസ്‌കോ: വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്‌ജെനി പ്രിഗോഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ജീവിതത്തില്‍ ഗുരുതരമായ പിഴവുകള്‍ പറ്റിയെങ്കിലും കഴിവുള്ള വ്യക്തിയായിരുന്നു പ്രിഗോഷിന്‍ എന്ന് പുടിന്‍ പറഞ്ഞു. കഴിഞ്ഞദിവസം വടക്കന്‍ മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ മരിച്ചത്. വിമാനം റഷ്യന്‍ സൈന്യം വെടിവെച്ചിട്ടതെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ ആഖ്യാനം.
ഒന്നര വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിനിടെ കഴിഞ്ഞ ജൂണിലാണ് തന്റെ 25,000ത്തോളം വരുന്ന കൂലിപ്പട്ടാളക്കാരുമായി പ്രിഗോഷിന്‍ മോസ്‌കോയ്ക്ക് നേരെ പട നയിച്ചത്. പ്രിഗോഷിന്റെ അപ്രതീക്ഷിത പട നീക്കം റഷ്യയെയും എന്തിന് ലോകത്തെ മൊത്തത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ പ്രിഗോഷിനെതിരെ ഒരു തരത്തിലുള്ള നടപടികളും ഉണ്ടാകില്ലെന്ന പുടിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് പ്രിഗോഷിന്‍, റഷ്യയുടെ മറ്റൊരു സഖ്യകക്ഷി രാഷ്ട്രമായ ബെലാറുസിലേക്ക് പിന്മാറിയത്. തുടര്‍ന്ന് റഷ്യയ്ക്ക് വേണ്ടി ആഫ്രിക്കയിലെ മരുഭൂമികളില്‍ പടനീക്കത്തിലാണെന്ന് പ്രിഗോഷിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പ്രിഗോഷിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്.