ദില്ലി: ബ്രിക്സ് ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ നടത്തിയ ചർച്ചയെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കം ഉടലെടുത്തു. ഇന്ത്യ അഭ്യർത്ഥിച്ചതുകൊണ്ടാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ ചൈന നേരത്തെ ചർച്ചക്ക് അഭ്യർത്ഥിച്ചിരുന്നെന്ന് ഇന്ത്യയും അറിയിച്ചു. ചർച്ചയിൽ അതിർത്തി വിഷയങ്ങളിൽ ഇന്ത്യക്കുള്ള അശങ്ക ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരസ്പര ധാരണയോടുകൂടി അതിർത്തിയിൽനിന്നുള്ള പിൻമാറ്റശ്രമം ഇരുരാജ്യങ്ങളും തുടരും എന്ന് ഇരു നേതാക്കൻമാരും തമ്മിൽ ധാരണയായിരുന്നു. എന്നാൽ ഇന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചയെചൊല്ലി പരസ്പരം പോരടിക്കുകയായിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തിയിരുന്നെന്ന് ഇന്നലെയാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. നേരത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും അകലം പാലിച്ചതോടെ ആശങ്ക സജീവമായിരുന്നു. ബ്രിക്സ് രാജ്യത്തലവൻമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിടെ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റിനുമിടയിൽ ‘അതിർത്തി’യായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രം പുറത്തുവന്നതോടെ അതിർത്തി പ്രശ്നങ്ങളിൽ മഞ്ഞുരുകില്ലേ എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയിലെ പല പ്രതിപക്ഷ നേതാക്കളും ചൈനുയുമായുള്ള ചർച്ചയെ ചൊല്ലി പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി അടക്കമുള്ളവർ ഷി ജിൻ പിംഗിന്റെ പിന്നാലെ നടന്ന് ഇത്തരത്തിലുള്ള ഒരു ചർച്ചക്ക് അവസരം ഒരുക്കി എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയെ പരിഹസിച്ചിരുന്നു.