തിരുവനന്തപുരം > പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യുഡിഎഫ് കള്ള പ്രചരണം നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ വളരെ എളുപ്പം ജയിക്കാമെന്ന് കരുതിയിരുന്ന യുഡിഎഫ് കാര്യങ്ങൾഅങ്ങിനെയല്ലെന്ന് കണ്ടപ്പോൾ കള്ള പ്രചരണമാണ് നടത്തുന്നത്.
പുതുപ്പള്ളിയിൽ മത്സരത്തിന്റെ പോലും ആവശ്യമില്ലെന്നും ഉമ്മൻചാണ്ടിയുടെ പേരിൽ ലഭിക്കുന്ന സഹതാപത്താൽ എളുപ്പം ജയിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്യ്ക് സി തോമസിന് മണ്ഡലത്തിൽ നല്ല പിന്തുണയാണെന്ന് മനസിലാക്കിയതോടെ കള്ള പ്രചരണത്തിനിറങ്ങിയിരിക്കയാണ്. അതിനുവേണ്ടി പാർടിയെ മോശമായി ചിത്രീകരിക്കുകയാണ്. എന്നാൽ പുതുപ്പള്ളിയിൽ ജനങ്ങൾ വികസനമാണ് ചർച്ച ചെയ്യുന്നത്. ജെയ്ക് ശക്തനായ സ്ഥാനാർഥിയാണ്. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ചർച്ച തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാർടിക്കെതിരെ കേന്ദ്ര എജൻസികളെ ഇറക്കിയും കള്ളപ്രചരണമാണ് നടത്തുന്നത്. എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്ഡ് ഇതിനുദാഹരണമാണ്. തികച്ചു രാഷ്ട്രീയ പ്രേരിതമാണ് ആ റെയ്ഡ്. കേന്ദ്ര ഏജൻസികളോടൊപ്പം മാധ്യമങ്ങളും എൽഡിഎഫ് സർക്കാരിനെതിരെ രംഗത്തിറങ്ങുന്നുണ്ട്. ചിന്നക്കന്നാൽ നികുതിവെട്ടിപ്പിൽ മാത്യു കുഴൽനാടന് എംഎൽഎ മറപടി പറയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.