വേങ്ങര > മലപ്പുറത്ത് ഭിന്നശേഷിക്കാരനായ മകനെ വീടിനുള്ളിൽ മരിച്ച നിലയിലും പിതാവിനെ വീട്ടിൽ നിന്ന് 50 മീറ്റർ മാറി പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കുഴിപ്പുറം മീൻകുഴി എടത്തൊടിയിൽ ജ്യോതീന്ദ്ര ബാബു (51) മകൻ ഷാൽവിൻ (24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. മാനസിക വെല്ലുവിളികളുള്ള യുവാവും പിതാവും ഒരു മുറിയിലാണ് ഉറങ്ങാറുള്ളത്. വെള്ളിയാഴ്ച രാവിലെ മുറിയിൽ നിന്നും ഇവർ എഴുന്നേറ്റു വരാതായതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടത്. തുടർന്നു നടത്തിയ തിരച്ചിലിൽ ജ്യോതീന്ദ്രബാബുവിനെയും തൊട്ടടുത്ത പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
യുവാവ് കഴിഞ്ഞ ദിവസം അക്രമസ്വഭാവവും മാനസികാസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായും മൃതദേഹത്തിൽ അസ്വാഭിക അടയാളങ്ങൾ ഉള്ളതായും റിപ്പോർട്ടുണ്ട്. വേങ്ങര എസ്എച്ച്ഒ എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് 5ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഷൈനിയാണ് ജ്യോതീന്ദ്ര ബാബുവിന്റെ ഭാര്യ. മറ്റു മക്കൾ: ജിതിൻ, ജോതിഷ് ബാബു.