കൊല്‍ക്കത്ത: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്തില്ലെങ്കില്‍ താരത്തെ അറസ്റ്റ് ചെയ്‌തേക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസ് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇതിനിടെ ഷമിയും സഹോദരനും ജാമ്യമെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2018 മാര്‍ച്ച് ഏഴിന് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇതുതന്നെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. ഷമിക്ക് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നുമാണ് ഹസിന്‍ ആരോപിച്ചിരുന്നു.
ഇന്ത്യന്‍ ടീമിനൊപ്പമുള്ള പര്യടനങ്ങള്‍ക്കിടെ ബിസിസിഐ അനുവദിച്ച ഹോട്ടല്‍ മുറികളില്‍ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഷമി ഇടക്കിടെ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു എന്നും ഹസിന്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനം ആരോപിച്ച് ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരുന്നു. ഷമിയും വീട്ടുകാരും മര്‍ദിച്ചെന്നും പരാതിപ്പെട്ടതിന് പിന്നാലെ ഷമിക്കും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തു.
ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ പിന്നീടു കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവര്‍ക്കു നല്‍കാനാണ് ഉത്തരവിട്ടത്.