മാനന്തവാടി > മാനന്തവാടി കണ്ണോത്ത്മലയിൽ ജീപ്പ് മറിഞ്ഞ് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കായി അടിയന്തരമായി പതിനായിരം രൂപ വീതം അനുവദിക്കാൻ ജില്ലാ കലക്ടർക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. പകൽ മുഴുവൻ ജോലി ചെയ്ത് വീടുകളിലേക്ക് മടങ്ങിയ സാധാരണക്കാരായ തൊഴിലാളികളാണ് അപടകത്തിൽ മരിച്ചത്. ഇതിൽ അങ്ങേയറ്റം ദുഖമുണ്ട് മന്ത്രി പറഞ്ഞു.
ജീപ്പിൽ പതിനാല് പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. പരിക്ക് ഗുരുതരമായ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റുള്ളവരുടെ ആരോഗ്യ നില പരിശോധിച്ച് ആവശ്യമുള്ള ചികിത്സ നൽകും. ദുരന്തത്തിൽ ഇരയായവരുടെ കുടുംബത്തിന് സർക്കാർ സമാശ്വാസം നൽകും. മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശം നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ഉടനടി സംഭവസ്ഥലത്ത് എത്തിയത്.
അപകടത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയതായും ശനിയാഴ്ച രാവിലെ തന്നെ പോസ്റ്റ് മോർട്ടം നടപടികൾ തുടങ്ങുമെന്നും വൈകാതെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.അപടകടം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ഒ ആർ കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.