മുസഫർനഗർ: പിഞ്ചുവിദ്യാർഥികളിൽ വർഗീയ വിദ്വേഷം കുത്തിവെക്കുന്ന യു.പിയിലെ അധ്യാപികയുടെ വിഡിയോ വിവാദമാകുന്നു. ക്ലാസ് മുറിയിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അടിപ്പിക്കുന്ന ദൃശ്യമാണ് പ്രമുഖ വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ, മാധ്യമ പ്രവർത്തകൻ സാകിർ അലി ത്യാഗി അടക്കമുള്ളവർ പങ്കുവെച്ചത്.
ഉത്തർപ്രദേശിലെ മുസാഫർനഗർ ഖുബ്ബാപൂർ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. അധ്യാപിക തൃപ്ത ത്യാഗിയാണ് മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മർദിപ്പിച്ചത്. വിഡിയോ ട്വിറ്ററടക്കമുള്ള (എക്‌സ്) സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തൃപ്ത ത്യാഗി ഭിന്നശേഷിക്കാരിയാണത്രെ.
ക്ലാസിൽ ടീച്ചറുടെ സമീപം നിർത്തിയ വിദ്യാർഥിയെ നിലത്തിരിക്കുന്ന വിദ്യാർഥികളിൽ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി വിതുമ്പിക്കരയുന്നതും ദൃശ്യങ്ങളിൽ കാണാം. ‘ഞാൻ എല്ലാ മുഹമ്മദൻസ് (മുസ്‌ലിം) കുട്ടികളെയും അടിക്കുന്നു’വെന്ന് അധ്യാപിക പറയുന്നുണ്ട്. കുട്ടികൾ അടിക്കുമ്പോൾ അധ്യാപകൻ പൊട്ടിച്ചിരിക്കുന്നതും കേൾക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാർഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുസഫർ നഗർ പൊലീസ് ട്വീറ്റ് ചെയ്തു.
ഇർഷാദ് എന്നയാളുടെ മകനാണ് മർദനത്തിന് ഇരയായതെന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. അധ്യാപിക പൊലീസിന് മുമ്പിൽ വെച്ച് മാപ്പുപറഞ്ഞതായും അവർക്കെതിരെ പരാതിയില്ലെന്ന് താൻ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് ഇർഷാദ് പറഞ്ഞതായി സുബൈർ വ്യക്തമാക്കി. ‘കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാൻ കഴിയില്ല. മകനെ സ്‌കൂളിലേക്ക് ഇനി അയക്കുന്നില്ലെന്നും തീരുമാനിച്ചു’ – പിതാവ് പറഞ്ഞു.
ആദ്യം കേസെടുക്കാതിരുന്ന പൊലീസ് ഇപ്പോൾ വിഡിയോ വിവാദമായതോടെ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മർദനം വിഡിയോയിൽ പകർത്തിയയാളുമായും സുബൈർ സംസാരിച്ചു. നിലവിൽ പ്രചരിക്കുന്ന വിഡിയോയിലെ കുട്ടിക്ക് മുമ്പ് മറ്റൊരു കുട്ടിയും മർദനത്തിന് ഇരയാക്കപ്പെട്ടിരുന്നുവെന്നും അതോടെ അധ്യാപിക അറിയാതെ താൻ വിഡിയോ എടുക്കുകയായിരുന്നുവെന്നും അയാൾ പറഞ്ഞു. അതേസമയം, വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാൻ ദേശീയബാലാവകാശ സംരക്ഷണ കമ്മീഷൻ സമൂഹമാധ്യമങ്ങളോട് നിർദേശിച്ചു.
മർദനമേറ്റ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാമെന്ന് പറഞ്ഞ് ഒരുപാട് അഭ്യുദയകാംക്ഷികൾ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തതായി സുബൈർ അറിയിച്ചു. ട്യൂഷൻ ഫീസ് അടക്കാമെന്നും ലാപ്‌ടോപ്പും മറ്റും സമ്മാനമായിനൽകാമെന്നും അറിയിച്ചവരുണ്ട്. ഇക്കാര്യം പിതാവിനെ അറിയിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.