തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിച്ചുനിർത്തുന്നതിന്‍റെ ഭാഗമായി ഓഡിറ്റോറിയങ്ങൾ വിസ്തൃതിക്കനുസരിച്ച് പങ്കാളിത്തം അനുവദിച്ച് ചടങ്ങുകൾക്കായി തുറന്ന് നൽകണമെന്ന് ഓഡിറ്റോറിയം ഓണേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. വിവാഹം പോലുള്ള ചടങ്ങുകൾ വീടുകളിൽ വെച്ച് നടത്തപ്പെടുമ്പോൾ പലപ്പപ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാറില്ല.
സ്ഥല സൗകര്യങ്ങൾ കുറവുള്ള വീടുകളിലെ ഇത്തരം ചടങ്ങുകൾ കോവിഡ് വ്യാപനത്തിനേ വഴിയൊരുക്കൂ. അതേ സമയം ഓഡിറ്റോറിയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ സൽക്കാര ചടങ്ങുകൾ ഉൾപ്പെടെ നടത്താൻ അനുവാദം നൽകിയാൽ ഈ അവസ്ഥക്ക് പരിഹാരമാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
പൊതുഗതാഗത സംവിധാനങ്ങളിലും മാളുകളിലും സിനിമാ തിയറ്ററുകളിലും പാർട്ടി പരിപാടികളിലും ഇല്ലാത്ത നിയന്ത്രണമാണ് കല്യാണ മണ്ഡപങ്ങളുടെ കാര്യത്തിൽ ഏർപ്പെടുത്തുന്നതെന്ന് പ്രസിഡൻറ് ആനന്ദ് കണ്ണശ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് നിത്യവൃത്തി കഴിയാൻ ഗതിയില്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നത്.ഓഡിറ്റോറിയങ്ങളുമായും അനുബന്ധ വ്യവസായങ്ങളുമായും ബന്ധപ്പെട്ട് നിരവധി ആളുകളാണ് ഉപജീവനം നടത്തുന്നത്.
5000 പേരെ ഉൾക്കൊള്ളാവുന്ന ഹാളുകളിൽ 25 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് പരിപാടികൾ നടത്താൻ അനുവദിച്ചാലും കാര്യങ്ങൾ മുന്നോട്ടുപോകും. എന്നാൽ, അത്തരത്തിൽ യാതൊരു ഇളവും നൽകാതെ ഈ തൊഴിൽ മേഖലയെ സമ്പൂർണമായി പൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓഡിറ്റോറിയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾക്കും മാളുകൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന കാര്യവും ആനന്ദ് കണ്ണശ ചൂണ്ടിക്കാട്ടി.