പാലക്കാട്: വഖഫ് ഫണ്ടുകൾ ബോർഡറിയാതെ, സ്വകാര്യ ബാങ്ക് ശാഖയിൽ നിക്ഷേപിച്ചതിനെച്ചൊല്ലി വിവാദം. ശനിയാഴ്ച കോഴിക്കോട് ഡിവിഷനൽ ഓഫിസിൽ ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
ബോർഡ് മെംബർമാരായ പി. ഉബൈദുല്ല എം.എൽ.എ, എം.സി. മായിൻഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചർച്ചക്ക് എടുക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വഖഫ് ഭൂമി വിട്ടുനൽകിയതിനും മറ്റും ദേശീയപാത അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ബോർഡ് തീരുമാനമില്ലാതെ, തൃശൂർ മണ്ണൂത്തിയിലെ സ്വകാര്യ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടത്.
2022 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ 68 വഖഫുകൾക്ക് നഷ്ടപരിഹാരമായി ലഭിച്ച 104.87 കോടി രൂപയാണ് സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചത്. തുടർന്നുള്ള ഒമ്പത് മാസം ഈ വകയിൽ ബോർഡിലേക്ക് എത്തിയ തുകയും സ്വകാര്യബാങ്കിൽ നിക്ഷേപിച്ചതായി വിവരമുണ്ട്.
2017ൽ എസ്.ബി.ഐയുടെ മ്യൂച്ചൽ ഫണ്ടിൽ പല തവണയായി നിക്ഷേപിച്ച ബോർഡിന്റെ ഓൺ ഫണ്ടായ 14.33 കോടി രൂപ, ബോർഡ് തീരുമാനമില്ലാതെ പിൻവലിക്കുകയും സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
2023 മേയ് 25നാണ് തുക മ്യൂച്ചൽ ഫണ്ടിൽനിന്ന് പിൻവലിച്ചത്. നടപടി വഖഫ് ചട്ടത്തിന്റെ ലംഘനമാണെന്നും വിഷയം ചർച്ച ചെയ്യണമെന്നും പി. ഉബൈദുല്ല എം.എൽ.എ, അഡ്വ. പി.വി. സൈനുദ്ദീൻ എം.സി. മായിൻ ഹാജി എന്നിവർ കത്തിൽ ആവശ്യപ്പെടുന്നു. കോടെർമിനസായി നിയമിതനായ മുൻ ചെയർമാന്റെ പി.എ. റിഷാദ് അലിയെ മലപ്പുറം ഡിവിഷനൽ ഓഫിസിൽ ചട്ടവിരുദ്ധമായി ക്ലർക്കായി നിയമിച്ചത് പരിശോധിക്കണമെന്നും മറ്റൊരു കത്തിൽ ആവശ്യപ്പെട്ടു.