തിരുവനന്തപുരം: ഓണക്കാലത്തെ അധിക ചെലവുകൾ മൂലമാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും ധനസ്ഥിതി പരിശോധിച്ച് അടുത്ത മാസത്തോടെ നിയന്ത്രണം നീക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആയിരക്കണക്കിന് ബില്ലുകളാണ് വരുന്നത്. ട്രഷറികളിലെ ബിൽമാറ്റ പരിധി 10 ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കിയത് ഇക്കാരണത്താലാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ഓണം നാളുകളിലെ ധനസ്ഥിതിയെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നുവെങ്കിലും 18,000 കോടിയുടെ ആനുകൂല്യങ്ങൾ ജനങ്ങളുടെ കൈകളിലെത്തിക്കാനായി. വിപണി ഇടപെടലിന് 400 കോടിയാണ് ചെലവിട്ടത്. കൺസ്യൂമർ ഫെഡ് 1500 ഓണച്ചന്തകളും സപ്ലൈകോയുടെ 1600 ചന്തകളും ഹോർട്ടികോർപിന്റെ 2000 പച്ചക്കറിച്ചന്തകളുമാണ് പ്രവർത്തിക്കുന്നത്.
ഇതുവരെയുള്ള ഓണച്ചെലവ് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന ചെലവഴിക്കലാണ് ഇക്കുറി. കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോഴും സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും റവന്യൂ വരുമാനമുണ്ടായ ഘട്ടമാണിത്. 2021-2023 കാലയളവിൽ 53 ശതമാനത്തിന്റെ സാമ്പത്തികവളർച്ചയാണുണ്ടായത്. വർഷം ശരാശരി 11 മുതൽ 12 ശതമാനം വരെയായിരുന്നത് 25 ശതമാനത്തിലെത്തി. കടമെടുക്കാൻ ശേഷിക്കുന്നത് കുറച്ച് പണം മാത്രമാണ്. പ്രത്യേക പാക്കേജോ അല്ലെങ്കിൽ ഒരു ശതമാനം കടമെടുക്കാനുള്ള അനുവാദമോ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓണച്ചെലവ് 18,000 കോടി
തിരുവനന്തപുരം: ഓണക്കാലത്ത് 60 ലക്ഷത്തിലധികം പേർക്ക് 3200 രൂപ വീതം സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ 1900 കോടി ചെലവഴിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 18000 കോടിയാണ് ഓണക്കാല ചെലവ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർക്കും വിവിധ ആനുകൂല്യങ്ങൾ നൽകാൻ 630 കോടി ചെലവഴിച്ചു. 4.6 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ വീതം ഉത്സവബത്ത നൽകാൻ 46 കോടിയായി.
മറ്റ് പ്രധാന ചെലവുകൾ
● കെ.എസ്.ആർ.ടി.സി- 140 കോടി
● സപ്ലൈകോ (നെല്ല് സംഭരണം, വിപണി ഇടപെടൽ)– 320 കോടി
● കൈത്തറി തൊഴിലാളികൾക്ക് വേതനം, സ്കൂൾ യൂനിഫോം– 25 കോടി.
● കാഷ്യൂ ബോർഡ്- 43 കോടി
● സ്കൂൾ പാചകത്തൊഴിലാളികൾക്ക് മൂന്നുമാസത്തെ ശമ്പളം–50 കോടി
● റബർ സബ്സിഡി-25 കോടി
● തുണിമില്ലുകൾക്ക്- 16 കോടി
● കയർ മേഖലക്ക്- 25 കോടി
● ഓണക്കിറ്റ് -32 കോടി
● 60 വയസ്സിനുമുകളിലുള്ള പട്ടികവർഗക്കാർക്ക് 1000 രൂപ വീതം- 6 കോടി
● ഓണം വാരാഘോഷം- 10 കോടി
● ഹോർട്ടി കോർപ്- 5 കോടി
● പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട്- 33 കോടി
● പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് സഹായം- 5.39 കോടി