ഏറെ ശ്രദ്ധയും പരിചരണവുംവേണ്ട വാഹന ഭാഗങ്ങളിൽ ഒന്നാണ് ബാറ്ററി. കാറിന്റെ പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നതിനും വഴിയില്‍ പെട്ട് പോകാതിരിക്കാനും ബാറ്ററിയുടെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അധിക ഈര്‍പ്പവും ഡിസ്ചാർജ് ആകലും ബാറ്ററിക്ക് ഭീഷണിയാണ്. ഇക്കാര്യങ്ങൾ ബാറ്ററിയുടെ ശേഷി കുറയുന്നതിലേക്കും അത് പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കാം. വാഹന ബാറ്ററിയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കണ്ട ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വൃത്തിയായി സൂക്ഷിക്കുക
പൊടിയില്‍ നിന്നും അഴുക്കിൽനിന്നും സംരക്ഷിക്കാനായി ബാറ്ററി ഇടക്കിടെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി ബാറ്ററി ക്ലീനിംഗ് ലായനികളും സ്‌പ്രേയും വിപണിയില്‍ കിട്ടും. ഇത് ബാറ്ററിയില്‍ പുരട്ടിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ടെര്‍മിനലുകളില്‍ തുരുമ്പെടുക്കുന്നത് തടയാന്‍ ബാറ്ററി ഡ്രൈ ആയി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
തുരുമ്പ് അപകടകാരി
ന്നവുള്ള കാലാവസ്ഥയിൽ വാഹന ഉടമകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണിത്. ഈര്‍പ്പം കൂടുന്നത് ബാറ്ററിയുടെ ആസിഡുകള്‍ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടാന്‍ ഇടയാക്കും. തുരുമ്പെടുക്കുന്നുണ്ടോ എന്ന് അറിയാന്‍ ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മിനല്‍ പരിശോധിക്കുക. ടെര്‍മിനലില്‍ പച്ചകലര്‍ന്ന ലെയര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാറ്ററി ക്ലീന്‍ ചെയ്യാറായി എന്നര്‍ത്ഥം. ടെര്‍മിനലില്‍ ബാറ്ററി ക്ലീനര്‍ ഉപയോഗിച്ച് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇത്തരത്തില്‍ ചെയ്താല്‍ തുരുമ്പ് അകറ്റാം.
–
കൂടുതല്‍ തുരുമ്പെടുക്കുന്നത് തടയാനായി കാറിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. ഈര്‍പ്പവും താപനിലയും കൂടുമ്പോള്‍ ആണ് തുരുമ്പ് ഉണ്ടാകുന്നത്. അതിനാല്‍ ഈര്‍പ്പം നിറഞ്ഞ സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം. അത്തരം സ്ഥലങ്ങളില്‍ നിന്ന് മാറി വാഹനം തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.
കേബിളുകള്‍ പരിശോധിക്കുക
ബാറ്ററി ടെര്‍മിനലുകള്‍ കേബിളുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ കേബിളുകള്‍ പലപ്പോഴും വേണ്ടത്ര ഇന്‍സുലേറ്റ് ചെയ്യപ്പെടാത്തതിനാല്‍ അവ കാലക്രമേണ വെളിയിലെത്താം. അങ്ങനെ വരുമ്പാള്‍ മഴക്കാലത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കും. കാറിന്റെ ഇലക്ട്രിക്കല്‍ സിസ്റ്റം തകരാറിലാകാനും സാധ്യതയുണ്ട്. വെളിയിലെത്തുന്ന ഇത്തരം കേബിളുകള്‍ തുരുമ്പെടുക്കാന്‍ സാധ്യത കൂടുതലാണ്. ഇത് ബാറ്ററിക്ക് ഏറെ ഹാനികരമാണ്.
സര്‍വീസിങ് അനിവാര്യം
വാഹനത്തിന്‍റെ മറ്റെല്ലാ ഘടകങ്ങളും പോലെ ബാറ്ററിയുടെ സര്‍വീസിങും സുപ്രധാനമാണ്. വാഹനത്തതിന്‍റെ ബാറ്ററി സ്ഥിരമായി അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നോ വിദഗ്ധ ടെക്‌നീഷ്യന്റെ സമീപത്ത് നിന്നോ സര്‍വീസ് ചെയ്യുക. സര്‍വീസിങ് കൃത്യവും സമയബന്ധിതവുമായി ചെയ്യുന്നതിലൂടെ കാറിന്റെ ബാറ്ററിയുടെ ഒപ്റ്റിമല്‍ പെര്‍ഫോമന്‍സും ഈടും ഉറപ്പാക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ബാറ്ററി സര്‍വീസിങിന്റെ കാര്യത്തില്‍ യാതൊരു ഉപേക്ഷയും കാണിക്കരുത്.
മുകളില്‍ പറഞ്ഞ ടിപ്പുകള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ബാറ്ററിയുടെ സംരക്ഷണം ഉറപ്പാക്കാനും മണ്‍സൂണ്‍ കാലത്തെ വെല്ലുവിളികളെ നേരിടാനും സാധിക്കും. അതുവഴി വഴിയില്‍ പെട്ടുപോകില്ലെന്ന ആശങ്കള്‍ ഇല്ലാതെ ആശ്വാസത്തില്‍ വണ്ടിയോടിച്ച് പോകാന്‍ സാധിക്കും. അതിനാല്‍ മഴക്കാലത്ത് കാറില്‍ നാം ശ്രദ്ധചെലുത്തുമ്പോള്‍ ബാറ്ററി സംരക്ഷണത്തിന് കൂടി അല്‍പ്പം ശ്രദ്ധ ചെലുത്താന്‍ ശ്രദ്ധിക്കുമല്ലോ.