തിരുവനന്തപുരം> ഓണനാളുകളിൽ നാടിനെ ആശങ്കയിലാക്കാൻ പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രയാസമനുഭവിക്കുന്നവർക്ക് പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഐതീഹ്യത്തിൽ കേട്ടറിഞ്ഞതിനേക്കാൾ മെച്ചപ്പെട്ട രീതിയിലേക്കുള്ള പ്രയാണമാണിപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓണം ആളുകൾക്ക് സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ് ഏതാനം ആഴ്‌ചകൾ മുമ്പ് വരെ ചിലർ നടത്തിയത്. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നു. വറുതിയുടെയും പ്രയാസത്തിന്റെയും ഓണമായിരിക്കും ഇക്കുറിയെന്ന പ്രചരണം വിശ്വസിച്ചവർക്ക് പോലും ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.
കേരളത്തിലെ തെരുവുകളിലും പട്ടണങ്ങളിലും ആളുകൾ ആഘോഷത്തിനായി ഇറങ്ങുകയാണ്. എവിടെയും സംതൃപ്‌തിയോടെയും സന്തോഷത്തോടെയും ആളുകൾ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ്. ഈ ഓണത്തിന് ഉണ്ടാകില്ലെന്ന് ചിലർ പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ആനുകൂല്യങ്ങൾ നൽകാനായി ഖജനാവിൽ നിന്ന് വിതരണം ചെയ്‌തത് 18000 കോടി രൂപയാണ്. മാനുഷരെല്ലാം ഒന്നുപോലെയാകണമെന്നാണ് ഓണത്തിന്റെ ഐതീഹ്യം. എന്നാൽ, ലോകവും രാജ്യവും അതുപോലെയല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണ്. ഏറ്റവുമധികം ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഭരണ സംവിധാനത്തിന്റെ പ്രാഥമിക കടമ ജനക്ഷേമമുറപ്പാക്കലാണ്.
എല്ലാവരെയും ഒന്നുപോലെ കണ്ടുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖല ഏറെ മെച്ചപ്പെട്ടു. പണമുണ്ടെങ്കിലേ ചികിത്സിക്കാനാവൂ എന്നതിന് മാറ്റം വന്നു. സ്വന്തം കിടപ്പാടം സ്വപ്‌നം കണ്ട് മണ്ണടിഞ്ഞ് പോയവരുണ്ട്. നാല് ലക്ഷം കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകിയതോടെ 16 ലക്ഷമാളുകൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്ന അവസ്ഥയിലെത്തി. അതിദരിദ്രരെ പരമ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓരോ കുടുംബത്തെയും അടിസ്ഥാനമാക്കി മൈക്രോ പ്ലാൻ തയ്യാറാക്കി അതിദരിദ്രരില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ഒരുമയ്ക്ക് കാരണം നമ്മുടെ മതനിരപേക്ഷ ബോമാണ്. അത് മുറുകെ പിടിക്കാൻ എല്ലാവരും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.