കോട്ടയം ∙ താനുൾപ്പെടെ മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണെന്നു കെ.മുരളീധരൻ എംപി. ഞാനാണല്ലോ ഇത് തുടങ്ങിവച്ചതെന്നും മുരളീധരൻ തമാശരൂപേണ പറഞ്ഞു. ചാണ്ടി ഉമ്മൻ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല. രാഹുൽ ഗാന്ധിയോടൊപ്പം ഇന്ത്യ മുഴുവൻ നടന്ന ആളാണ്. അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു. രാഷ്ട്രീയ പാരമ്പര്യത്തിൽ ചാണ്ടി ഉമ്മൻ ഒട്ടും മോശക്കാരനല്ലെന്നും മുരളീധരൻ പറഞ്ഞു. പുതുപ്പള്ളിയിൽ ഭൂരിപക്ഷം വർധിപ്പിക്കുക എന്നതാണു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. സെപ്റ്റംബർ ആറാം തീയതി കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടു പോകും. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒരു പ്രവർത്തനവും ഞങ്ങളുടെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.