ഇംഫാൽ ∙ മണിപ്പുരിൽ വീണ്ടും കലാപം. ഇംഫാലിലെ ന്യൂ ലാമ്പുലെയിൻ പ്രദേശത്തു മൂന്നു വീടുകൾക്ക് അജ്ഞാതർ തീയിട്ടു. ആളൊഴിഞ്ഞ വീടുകൾക്കാണ് തീയിട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കേന്ദ്ര, സംസ്ഥാന സേനകളെ പ്രദേശത്തു വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടു ജനം പ്രദേശത്തു തടിച്ചുകൂടി.ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടെ, ഫാമിലി വെൽഫെയർ സർവീസ് മുൻ ഡയറക്ടർ ഡോ. കെ.രാജോയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍നിന്നും ആയുധങ്ങൾ അജ്ഞാതർ തട്ടിയെടുത്തു. ആയുധങ്ങൾ തിരിച്ചുപിടിക്കാനും പ്രതികളെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.