നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു വിദേശപ്പഴമാണ് ‘കിവി’. ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ കിവി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. കലോറിയും വളരെ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചര്‍മ്മ സംരക്ഷണത്തിനും കിവി ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഏജിംഗ് ഗുണങ്ങളും കിവിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന സംയുക്തമാണ് കൊളാജന്‍. കിവിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജന്‍ സാന്ദ്രതയെ വര്‍ധിപ്പിക്കും. മുഖത്തെ കറുത്ത പാടുകളെ തടയാനും മുഖക്കുരുവിനെ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും കിവി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന കിവി കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം….
- ഒന്ന്…
- ഒരു പഴുത്ത കിവി, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. മുഖത്തെ പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
- രണ്ട്…
- ഒരു പാത്രത്തില്‍ ഒരു കിവി, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, ഒരു നേന്ത്രപ്പഴം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കഴുത്തിലും മുഖത്തും തുല്യമായി പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്.
- മൂന്ന്…
- ഒരു കിവി, മൂന്നോ നാലോ കുതിര്‍ത്ത ബദാം പേസ്റ്റാക്കിയത്, ഒരു ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും ജലാംശം നല്‍കുകയും സുഷിരങ്ങള്‍ തടയാനും സഹായിക്കും.
- നാല്…
- ഒരു കിവി, ഒരു ടേബിള്‍സ്പൂണ്‍ ഓട്സ് എന്നിവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
- അഞ്ച്…
- ഒരു കിവി, ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് എന്നിവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകാം. മുഖത്തെ സുഷിരങ്ങളും പാടുകളും കുറയ്ക്കാന്‍ ഈ പാക്ക് സഹായിക്കുന്നു.
- ആറ്…
- ഒരു കിവി, ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
- ഏഴ്…
- ഒരു കിവി, കുറച്ച് അരിഞ്ഞ വെള്ളരിക്ക എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖത്ത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.