തിരുവനന്തപുരം : കാറ്റഗറി അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം.കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില് നടക്കൂ. കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയില്‍. ഇവിടെയും നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് 20 പേര് മാത്രമേ പങ്കെടുക്കാവൂ.
കാറ്റഗറി – എ- യില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുപരിപാടികള്‍,വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് ഇവിടെ അനുവാദമുണ്ട്. കാസര്‍ഗോഡ്,കോഴിക്കോട് ജില്ലകള്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഉയര്‍ന്നടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.47.72 ശതമാനമാണ് ഇന്നലത്തെ ടിപിആര്‍. അതിനിടെ സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് സൂചന നല്കി.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ റാന്റം പരിശോധനയില്‍ 90 ശതമാനവും ഒമിക്രോണ്‍ കേസുകളാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.