നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. പല കാരണം കൊണ്ടും തലവേദനയുണ്ടാകാം. ഇതിലൊരു കാരണമാണ് ടെൻഷൻ. ഇന്ന് മത്സരാധിഷ്ടിത ലോകത്ത് ടെൻഷൻ മാറ്റിവയ്ക്കാൻ അത്ര മാര്‍ഗങ്ങളൊന്നുമില്ല- നമുക്ക് മുമ്പില്‍ എന്നുതന്നെ പറയാം. ടെൻഷൻ തലവേദന പലരിലും പല തോതിലാണ് കാണപ്പെടാറ്. ചിലര്‍ക്കിത് നിസാരമായാണ് വരികയെങ്കില്‍ മറ്റ് ചിലര്‍ക്ക് തീവ്രത ഏറിയും വരാം. അതുപോലെ തല മുഴുവനായി അനുഭവപ്പെടുന്ന വേദനയും ടെൻഷൻ തലവേദനയുടെ പ്രത്യേകതയാണ്. ടെൻഷൻ തലവേദനയാണെങ്കില്‍ അതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ നമുക്ക് ചിലത് ചെയ്യാനാകും. അത്തരത്തില്‍ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
- ഒന്ന്…
- ‘റിലാക്സേഷൻ ടെക്നിക്ക്’ എന്നറിയപ്പെടുന്ന ചില ടെക്നിക്കുകളുണ്ട്. ഡീപ് ബ്രീത്തിംഗ് (ദീര്‍ഘശ്വാസമെടുക്കുക), പേശികളെ ‘റിലാക്സ്’ ചെയ്യിക്കുക തുടങ്ങി പല കാര്യങ്ങളും ഇതിലുള്‍പ്പെടും. ഇത്തരത്തിലുള്ള ‘റിലാക്സേഷൻ ടെക്നിക്കുകള്‍’ നേരത്തേ മനസിലാക്കി വച്ചുകഴിഞ്ഞാല്‍ ടെൻഷൻ തലവേദനയുണ്ടാകുമ്പോള് ഇവ പരീക്ഷിച്ചുനോക്കാവുന്നതാണ്.
- രണ്ട്…
- തലവേദനയ്ക്ക് ആക്കം കിട്ടുന്നതിനായി ,ഹോട്ട്’, അല്ലെങ്കില്‍ ‘കോള്‍ഡ്’ പാക്കുകള്‍ വയ്ക്കാവുന്നതാണ്. ഇത് വേദനയ്ക്ക് ആശ്വാസം നല്‍കും. രണ്ട് പാക്കുകളും മാറിമാറിവയ്ക്കുകയും ആവാം.
- മൂന്ന്…
- നമ്മള് നടക്കുമ്പോഴോ, ഇരിക്കുമ്പോഴോ, കിടക്കുമ്പോഴോ എല്ലാം ശരീരത്തിന്റെ ഘടന കൃത്യമായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കിലും തലവേദന രൂക്ഷാമാകാം. അതിനാല്‍ ശരീരത്തിന്റെ ഘടന എളുപ്പത്തില്‍ തന്നെ കൃത്യമാക്കുക. കഴുത്തിലോ തോളുകളിലോ ഉള്ള പേശികള്‍ വലിഞ്ഞുമുറുകുന്നത് തലവേദനയ്ക്ക് ഇടയാക്കാറുണ്ട്. ഈ ഭാഗങ്ങളിലെ പേശികള്‍ മസാജിലൂടെ റിലാക്സ് ചെയ്യിച്ചെടുക്കുന്നത് നല്ലതാണ്.
- നാല്…
- പതിവായി വ്യായാമം ചെയ്യുന്നതും തലവേദന ഒഴിവാക്കും. പതിവായ വ്യായാമം പൊതുവില്‍ ടെൻഷൻ, സ്ട്രെസ്, ഉത്കണ്ഠ (ആംഗ്സൈറ്റി) പോലുള്ള പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാൻ സഹായിക്കാറുണ്ട്. ഇതുതന്നെയാണ് തലവേദന ഒഴിവാക്കാനും സഹായിക്കുന്നത്. ശരീരത്തിലുള്ള ‘നാച്വറല്‍’ ആയ ‘പെയിൻകില്ലര്‍’ എന്നറിയപ്പെടുന്ന ‘എൻഡോര്‍ഫിൻ’ ഹോര്‍മോണുകളുടെ ഉത്പാദനം വ്യായാമം കൂട്ടും. ഇതാണ് ടെൻഷൻ കുറയ്ക്കാനും തലവേദനയ്ക്കുള്ള സാധ്യത ഇല്ലാതാക്കാനുമെല്ലാം സഹായിക്കുന്നത്.
- അഞ്ച്…
- ടെൻഷൻ തലവേദന ഒഴിവാക്കാൻ നാം പ്രധാനമായും ഊന്നല്‍ നല്‍കേണ്ടത് ടെൻഷൻ അഥവാ സ്ട്രെസ് അകറ്റുന്നതിന് തന്നെയാണ്. സ്ട്രെസ് അകറ്റുന്നതിന് പല കാര്യങ്ങളും നിത്യജീവിതത്തില്‍ നമുക്ക് ചെയ്യാം. ഒന്നാമതായി സ്ട്രെസ് വരുന്ന സ്രോതസ് നോക്കി, ഇതിനെ പരിഹരിക്കാൻ ശ്രമിക്കല്‍- അല്ലെങ്കില്‍ അവഗണിക്കല്‍. ഇനി, നല്ല ആരോഗ്യകരമായ ഭക്ഷണരീതി- അതും സമയത്തിനുള്ള കഴിക്കല്‍, രാത്രിയില്‍ സുഖകരമായ ഉറക്കം, പകല്‍നേരത്തെ വ്യായാമം, വിനോദത്തിനായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യല്‍, സുഹൃത്തുക്കളോടോ മറ്റോ സമയം ചെലവിടല്‍ എന്നിങ്ങനെ പലതും സ്ട്രെസ് അകറ്റാൻ വേണ്ടി ചെയ്യാവുന്നതാണ്.
- ആറ്…
- ഉറക്കം കൃത്യമല്ലെങ്കിലും അത് സ്ട്രെസോ ടെൻഷനോ ഉത്കണ്ഠയോ ഉണ്ടാക്കുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യാം. അതിനാല്‍ രാത്രിയില്‍ ഉറക്കം ഉറപ്പിക്കണം. പകല്‍ അധികസമയം കിടന്നുറങ്ങുകയും അരുത്.