ദില്ലി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയായിരിക്കും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ബിജെപി. സാമൂഹ്യ മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) ഔദ്യോഗിക അക്കൌണ്ടില്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് ബിജെപിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെയും പരിഹസിക്കുന്ന കാര്‍ട്ടൂണാണ് ബിജെപി ട്വീറ്റ് ചെയ്തത്. രാഹുല്‍ ഗാന്ധി വിമാനം പറത്തുന്നതായാണ് കാര്‍ട്ടൂണിലുള്ളത്. കാര്‍ട്ടൂണില്‍ എഴുതിയിരിക്കുന്നതിങ്ങനെ- “ബ്രാന്‍ഡ് പുതിയത്! (പഴയത്), ഹോട്ട് എയര്‍ ഇന്ത്യ, ദുരന്തത്തിലേക്കുള്ള നിങ്ങളുടെ ടിക്കറ്റ്”.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചെന്നാണ് അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗെലോട്ട്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ എല്ലാ പാര്‍ട്ടികളും ആലോചിച്ച് തീരുമാനമെടുത്തെന്നും രാഹുലായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും ഗെലോട്ട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്ന് ഗെലോട്ട് പറഞ്ഞു. വെറും 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും അദ്ദേഹത്തിന് എതിരായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടി അധികാരത്തിലെത്താൻ എൻഡിഎ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, മോദിക്ക് ഒരിക്കലും അതു നേടാനാകില്ലെന്നും ഗെലോട്ട് മറുപടി നല്കി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ). 26 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. പട്നയിലെയും ബെംഗളുരുവിലെയും യോഗത്തിനു പിന്നാലെ മുംബൈയില്‍ യോഗം ചേരാനുള്ള തയ്യാറെടുപ്പിലാണ് സഖ്യം. സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
അതേസമയം രാഷ്ട്രത്തെ സേവിക്കാനല്ല, അഴിമതി പ്രോത്സാഹിപ്പിക്കാന്‍ രൂപീകൃതമായ കൂട്ടായ്മയാണ് ‘ഇന്ത്യ’യെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പരിഹസിച്ചിരുന്നു. പ്രതിപക്ഷത്തിന് വ്യക്തിപരമായ നേട്ടങ്ങളില്‍ മാത്രമാണ് താല്‍പ്പര്യം. അവരുടെ മുദ്രാവാക്യം ‘കുടുംബം ആദ്യം, രാഷ്ട്രം ഒന്നുമല്ല’ എന്നാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Congress announces Rahul Gandhi as it’s Prime Ministerial candidate… pic.twitter.com/hFPbo8ERzI
— BJP (@BJP4India) August 28, 2023