തിരുവനന്തപുരം∙ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടപ്പാച്ചിലിന്റെ തിരക്കിൽ കേരളം അമരുമ്പോൾ വെല്ലുവിളിയായി കനത്ത ചൂട്. സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 28) താപനില ഉയരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 33 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2–5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) എത്തുമെന്നാണു മുന്നറിയിപ്പ്.ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.