തിരുവനന്തപുരം : പരിശോധനക്ക് വിധേയരാകുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന തിരുവനന്തപുരത്ത് ഇന്ന് മുതല്‍ സിന്‍ഡ്രമിക് മാനേജ്‌മെന്റ് രീതി അവലംബിക്കാന്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ രോഗി എന്ന് നിശ്ചയിച്ച് പരിശോധന കൂടാതെ ക്വാറന്റീനിലേക്ക് കടക്കുന്നതാണ് സിന്‍ഡ്രമിക് മാനേജ്‌മെന്റ്. ജില്ലയെ സി കാറ്റഗറിയില്‍ പെടുത്തിയതോടെ തുടര്‍ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗം ചേരും. മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. രോഗ നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനമാണ് ചര്‍ച്ചാ വിഷയം. കുടുതല്‍ സി എഫ് എല്‍ടിസികള്‍ തുറക്കാനും തീരുമാനിച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെക്രട്ടേറിയറ്റില്‍ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.