ഫ്ലോറിഡ: ഇഡാലിയ ചുഴലിക്കാറ്റ് ഇന്ന് കരതൊടാനിരിക്കെ ഫ്ലോറിഡ ആശങ്കയില്‍. വെള്ളപ്പൊക്കത്തിനും നാശനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ഫ്ലോറിഡ ഭരണകൂടം ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്ലോറിഡയിൽ വിന്യസിച്ചിരിക്കുന്നത്. ഇഡാലിയ ചുഴലിക്കാറ്റ് ഇപ്പോൾ കാറ്റഗറി 2 വിഭാഗത്തിലാണുള്ളത്. കരയിലേക്ക് ആഞ്ഞടിക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുമെന്ന് മിയാമി ആസ്ഥാനമായുള്ള നാഷണല്‍ ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി. കൊടുങ്കാറ്റ് അത്യന്തം അപകടകരമായ കാറ്റഗറി 4 തീവ്രതയിൽ എത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി.
ഇഡാലിയ ഫ്ലോറിഡയിൽ നിലം തൊട്ടാൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകും. ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫ്ലോറിഡയിലെ 67 കൗണ്ടികളിൽ 28 ഇടങ്ങളിലുള്ളവരെയാണ് ഒഴിപ്പിച്ചത്. പ്രധാനമായും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്‍റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇഡാലിയ ഓഗസ്റ്റ് 28നാണ് ശക്തി പ്രാപിച്ച് തുടങ്ങിയത്. ക്യൂബയില്‍ നിന്ന് നീങ്ങി ഫ്ലോറിഡയില്‍ നിലം തൊടാനിരിക്കവേ, വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള കുയാഗ്വാട്ടെജെ നദീ തീരത്ത് പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നത്. ഫ്ലോറിഡ്ക്കു പുറമെ ജോര്‍ജിയ, സൌത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ സീസണിൽ ഫ്ലോറിഡയെ ബാധിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ് ഇഡാലിയ. കഴിഞ്ഞ സെപ്തംബറിൽ ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്. 150 പേരുടെ മരണത്തിനിടയാക്കിയ കാറ്റഗറി 4 കൊടുങ്കാറ്റായ ഇയാൻ ചുഴലിക്കാറ്റിന്റെ കെടുതികൾ ഇപ്പോഴും ഫ്ലോറിഡയിലെ ജനങ്ങൾ അനുഭവിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു ചുഴലിക്കാറ്റ് കൂടി ഫ്ലോറിഡയെ ആശങ്കയിലാക്കി എത്തുന്നത്.