ഞീഴൂർ > കോട്ടയം ഞീഴൂർ തുരുത്തിപ്പള്ളി സെന്റ് ജോർജ് എൽപി സ്കൂളിൽ തീപിടിത്തമുണ്ടായി. ബുധനാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം. തീപിടിത്തത്തിൽ ഉപകരണങ്ങൾ ഉൾപ്പടെ കത്തിനശിച്ചു. നൂറിലധികം വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിനാണ് തീപിടിച്ചത്. ഒരു മുറിയും അതിലെ ഉപകരണങ്ങളും പൂർണ്ണമായും നശിച്ചു.
കടുത്തുരുത്തിയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അലക്സ്, ഫയർമാൻമാരായ റ്റിജോ ജോസഫ്, ബിബിൻ ബേബി തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് തീയണച്ചു. ഞീഴൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. സ്കൂൾ മാനേജർ ഫാ. ഇഗ്നേഷ്യസ് നടുവിലെകുറ്റ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ്, വാർഡ് മെമ്പർമാരായ കെ പി ദേവദാസ്, ഷൈനി സ്റ്റീഫൻ, പിടിഎ പ്രസിഡന്റ് രാജു ജേക്കബ്, സ്കൂൾ അധികൃതർ എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.