ദില്ലി: മുംബൈയിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷ ഐക്യയോഗത്തെ പരിഹസിച്ച് ബിജെപി. പ്രധാനമന്ത്രിയാകാനുള്ള കസേരകളിയാണ് നടക്കുന്നതെന്നാണ് ബിജെപി നേതാവ് സമ്പിത് പാത്രയുടെ പരിഹാസം. അഴിമതി കേസുകളിൽനിന്നും രക്ഷപ്പെടാനാണ് നേതാക്കൾ കഷ്ടപ്പെടുന്നത്. ചന്ദ്രയാൻ 3 പോലെ മൂന്നാം തവണയും അധികാരത്തിലെത്തും. കോൺഗ്രസിന്റെ മിസൈൽ ലോഞ്ച് ആകില്ലെന്നും അതിൽ ഇന്ധനമില്ല, അതുകൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ലെന്നും സമ്പിത് പാത്ര വിമർശിച്ചു. അഹങ്കാരികളുടെ കൂട്ടായ്മയാണ് യോഗം ചേരുന്നത്. അഴിമതിയിൽ നിന്നും പരമാവധി ലാഭം എന്നതാണ് യോഗത്തിന്റെ അജണ്ട. 20 ലക്ഷം കോടിയുടെ അഴിമതി നടത്തിയ പാർട്ടികളാണ് യോഗം ചേരുന്നതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗത്തിന് ഇന്ന് മുംബൈയിൽ തുടക്കമാകും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടിക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം. വിവിധ കമ്മിറ്റികളുടെ പ്രഖ്യാപനവും ഉണ്ടാവും.
‘ഇന്ത്യ’യുടെ മുംബൈ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട. ഇതിനൊപ്പം തന്നെ ‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണം എന്നതിലും കൺവീനർ സ്ഥാനം ആർക്ക് എന്നതിലും ചർച്ചകൾ ഉണ്ടാകും. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനകം അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച യോഗത്തിൽ ചര്‍ച്ചകള്‍ നടക്കുമെന്നുറപ്പാണ്. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിവിദ പാർട്ടികളും അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടന്നു കഴിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം അശോക് ഗലോട്ട് പറഞ്ഞത്. ഇതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അഖിലേഷ് യാദവിനായി സമാജ് വാദി പാര്‍ട്ടിയും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുമെങ്കിലും അന്തിമ തീരുമാനം ഇന്നുണ്ടാകാനുള്ള സാധ്യതകൾ കുറവാണെന്നാണ് വ്യക്തമാകുന്നത്.